കോഴിക്കോട്: വരാനിരിക്കുന്ന ഓണക്കാലമാണ് ചാത്തമംഗലം കപ്രം തൊടിയിലെ കുംഭാര സമുദായത്തില്‍പ്പെട്ട മണ്‍പാത്രങ്ങള്‍ നിര്‍മിക്കുന്ന പതിനഞ്ചോളം കുടുംബങ്ങളുടെ പ്രതീക്ഷ. ആധുനികതയുടെ കുത്തൊഴുക്കില്‍ മണ്‍പാത്രങ്ങള്‍ അലുമിനിയം, സ്‌റ്റീല്‍, പ്ലാസ്‌റ്റിക് പാത്രങ്ങള്‍ക്ക് വഴിമാറികൊടുക്കേണ്ടി വന്നതോടെയാണ് ഇവര്‍ ദാരിദ്ര്യത്തിലേക്ക് എത്തിയത്.
പൂച്ചട്ടികളായിരുന്നു പിന്നീടുണ്ടായിരുന്ന ആശ്രയം. പ്ലാസ്‌റ്റിക്കും, സ്‌റ്റീലും അവിടെയും ആധിപത്യം സ്ഥാപിച്ചു. കളിമണ്ണിന്‍റെ ദൗർലഭ്യം കൂടിയായപ്പോൾ ജീവിതം ബുദ്ധിമുട്ടിലായി. കളിമണ്‍ പാത്ര നിര്‍മാണത്തിനായി വയനാട്ടിലെ മേപ്പാടിയില്‍ നിന്നാണ് ഇപ്പോള്‍ മണ്ണെത്തിക്കുന്നത്. അതിന് ഭീമമായ സംഖ്യയാണ് ചെലവ് വരുന്നത്.
ഓണവിപണിയെ ലക്ഷ്യമാക്കി നിര്‍മാണം നടത്തുന്നതിനിടെയാണ് നിർമിച്ചെടുത്ത പാത്രങ്ങൾ ഉണക്കാൻ കഴിയാതെ മഴ തിരിച്ചടിയാകുന്നത്. ഇത്രയൊക്കെ പ്രതിസന്ധികളെ അതിജീവിച്ചുണ്ടാക്കുന്ന പാത്രങ്ങൾ ലാഭത്തിൽ വിറ്റഴിക്കാനും പലപ്പോഴും ഇവർക്ക് കഴിയാറില്ല. മെച്ചപ്പെട്ട വരുമാനം ലഭിക്കാത്തതിനെ തുടര്‍ന്ന് ചെറുപ്പക്കാര്‍ മറ്റ് കൂലിത്തൊഴിലുകള്‍ക്ക് പോയാണ് ഉപജീവനം നടത്തുന്നത്.
ആദി ആന്ധ്ര ബ്രാഹ്മണര്‍ എന്നാണ് ഇവരുടെ യഥാര്‍ഥ സമുദായ പേരെങ്കിലും ഇപ്പോൾ കുംഭാര സമുദായം എന്നാണ് പരക്കെ അറിയപ്പെടുന്നത്. സർക്കാർ കണക്കിൽ ഇവർ ഉയർന്ന ജാതിയിൽ പെട്ടവരാണ്. അതുകൊണ്ട് തന്നെ സ്‌കൂൾ വിദ്യാഭ്യാസത്തിനും മറ്റും യാതൊരു ആനുകൂല്യവും ഇവർക്ക് ലഭിക്കുന്നുമില്ല. ചക്രത്തില്‍ തിരിയുന്ന കളിമണ്ണ് പോലെ ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ് ഇവർ.