കോഴിക്കോട്: ഹോട്ടല്‍ വ്യവസായിയെ കൊലപ്പെടുത്തിയ ശേഷം വെട്ടി നുറുക്കി ട്രോളി ബാഗിലാക്കി കൊക്കയില്‍ തള്ളിയ സംഭവത്തില്‍ ഇതുവരെ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശി സിദ്ധിഖിനെ (58) ആണ് കൊലപ്പെടുത്തിയത്. കോഴിക്കോട്ടെ ഹോട്ടലില്‍ വെച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം വെട്ടിമുറിച്ച് ട്രോളി ബാഗിലാക്കി പാലക്കാട് ജില്ലയിലെ അട്ടപ്പാടി ചുരത്തില്‍ തള്ളുകയായിരുന്നു.
അട്ടപ്പാടി ചുരത്തില്‍ നിന്ന് മൃതദേഹ അവശിഷ്‌ടങ്ങൾ ഇന്ന് രാവിലെ പൊലീസ് കണ്ടെടുത്തു. കേസില്‍ രണ്ട് പേരാണ് ഇതുവരെ അറസ്‌റ്റിലായത്. പാലക്കാട് സ്വദേശികളായ ഷിബിലി (22) ഇയാളുടെ പെൺസുഹൃത്ത് ഫർഹാന (18) എന്നിവരാണ് ചെന്നൈയില്‍ നിന്ന് അറസ്റ്റിലായത്. കൊലപാതക സമയത്ത് ഹോട്ടല്‍ മുറിയിൽ ഉണ്ടായിരുന്നു എന്ന് സംശയിക്കുന്ന പാലക്കാട് സ്വദേശി ആഷിഖും പൊലീസ് കസ്റ്റഡിയിലുണ്ട്.
കൊക്കയില്‍ നിന്ന് കണ്ടെടുത്ത മൃതദേഹ അവശിഷ്‌ടങ്ങൾ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. മൃതദേഹത്തിന് ആറ് ദിവസത്തിലധികം പഴക്കുമുണ്ടെന്ന് പ്രാഥമിക നിഗമനമെന്ന് പൊലീസ്.
പൊലീസ് പറയുന്നതിങ്ങനെ: മെയ് 18നാണ് തിരൂർ സ്വദേശിയായ സിദ്ധിഖ് വീട്ടിൽ നിന്നും കോഴിക്കോട്ടെ ഹോട്ടലിലേക്ക് എത്തിയത്. ആഴ്ചകളോളം വീട്ടിൽ നിന്ന് വിട്ടു നിൽക്കുന്ന പതിവ് ഇദ്ദേഹത്തിനുണ്ട്. എന്നാൽ ഈ തവണ ഫോൺ സ്വിച്ച് ഓഫ് ആയത് കാരണമാണ് മകൻ പൊലീസിൽ പരാതി നൽകിയത്. എടിഎമ്മിൽ നിന്നും പണം പിൻവലിച്ച സന്ദേശങ്ങളും മകന്റെ ഫോണിൽ ലഭിച്ചിരുന്നു. ഇതാണ് സംശയത്തിന് കാരണമായത്.
കോഴിക്കോട് ജില്ലയിലെ ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന സിദ്ധിഖിന് അവിടെ താമസം സൗകര്യമുണ്ട്. ആ സൗകര്യം ഉള്ളപ്പോഴാണ് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ സിദ്ധിക്ക് മുറി ബുക്ക് ചെയ്തത്. പതിനെട്ടാം തിയ്യതിയാണ് ജി 3, ജി 4 നമ്പർ മുറികൾ ബുക്ക് ചെയ്തത്. സിദ്ധിഖ് ഹോട്ടൽ മുറിയിലേക്ക് കയറിപ്പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ പ്രതികളായ ഷിബിലിയും ഫർഹാനയും കയറിപ്പോയിട്ടുണ്ട്.
മെയ് 19 ന് ഉച്ചക്ക് ശേഷം 3 മണിയോടെയാണ് ട്രോളി ബാഗുമായി ഷിബിലിയും ഫർഹാനയും പുറത്തേക്ക് ഇറങ്ങിയത്. കേസില്‍ പ്രതിയായ ഷിബിലി 15 ദിവസം സിദ്ധിഖിന്‍റെ ഹോട്ടലിൽ ജോലി ചെയ്തിട്ടുണ്ട്. സ്വഭാവം ശരിയല്ല എന്ന് പറഞ്ഞ് പിന്നീട് ജോലിയില്‍ നിന്ന് പറഞ്ഞു വിടുകയായിരുന്നു. അതിനാല്‍ വ്യക്തിവൈരാഗ്യമാണോ കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് ആദ്യം അന്വേഷിച്ചത്.
പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്: എന്തിന് സിദ്ധീഖ് എരഞ്ഞിപ്പാലത്ത് മുറിയെടുത്തു? രണ്ട് മുറികൾ എന്തിന് ബുക്ക് ചെയ്തു? ഹണി ട്രാപ്പാണോ സംഭവത്തിന് പിന്നിൽ, അതോ വ്യക്തി വൈരാഗ്യമോ? സിദ്ധിഖ് പിൻവലിച്ച ലക്ഷക്കണക്കിന് രൂപ എവിടെ?. തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. ചെന്നൈയില്‍ പിടിയിലായ പ്രതികളെ നാട്ടിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുന്നതോടെ വിവരങ്ങൾ പുറത്തുവരും. ആർ.പി.എഫ് പിടികൂടിയ പ്രതികൾ തമിഴ്നാട് പൊലീസിന്‍റെ കസ്റ്റഡിയിൽ ചെന്നൈയിലാണ് ഉള്ളത്. കേരള പൊലീസ് സംഘം ചെന്നൈയിലെത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും.