കോഴിക്കോട്: ചേളന്നൂർ അകലാപ്പുഴയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് വനിതകൾ തുഴയും പെഡൽ ബോട്ട് യാത്ര. സംസ്ഥാനത്ത് ആദ്യമായി സർക്കാർ പദ്ധതിയിലൂടെ പെഡൽ ബോട്ടിങ് ആരംഭിച്ചിരിക്കുകയാണ് ഒരു കൂട്ടം വനിതകൾ. അകലാപ്പുഴയിലാണ് ഫിഷറീസ് വകുപ്പിന്‍റെ സാഫ് പദ്ധതിയില്‍ (സൊസൈറ്റി ഫോർ അസിസ്റ്റന്‍റ് ടു ഫിഷർ വുമൺ) വനിതകളുടെ പെഡൽ ബോട്ട് യൂണിറ്റ് പ്രവർത്തിക്കുന്നത്.
കണ്ണങ്കര മക്കട ഉൾനാടൻ മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗങ്ങളായ എം ഫാസില, എം നജ്‌മ, എം സംജിത, ടിഎം അർഫിദ, പിഎം ലിജയകുമാരി എന്നിവർ ചേർന്നാണ് സഞ്ചാരികൾക്കായി ബോട്ടിങ് ആസ്വാദ്യകരമാക്കുന്നത്. ടൂറിസം പദ്ധതിയുടെ ഭാഗമായി അകലാപ്പുഴയുടെ പൊങ്ങിലോടിപാറ മുക്കത്ത് താഴം ഭാഗം ജലാശയത്തിലാണ് വനിത കൂട്ടായ്‌മയിൽ പെഡൽ ബോട്ട് ക്ലബ് ആരംഭിച്ചിരിക്കുന്നത്.
ഫ്ലോട്ടിങ് ജെട്ടിയും ടിക്കറ്റ് കൗണ്ടറും എല്ലാം ഇവിടെ സജ്ജമാണ്. 20 മിനിറ്റ് ബോട്ടിങ് നടത്തുന്നതിന് മുതിർന്നയാൾക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ഈടാക്കുന്ന ചാർജ്. നാലുപേർക്ക് സഞ്ചരിക്കാവുന്ന മൂന്ന് ബോട്ടും ഒരാൾക്ക് കയറാവുന്ന സൈക്കിൾ മാതൃകയിലുള്ള ബോട്ടുമുണ്ട്. രാവിലെ 11 മണി മുതൽ വൈകിട്ട് ആറ് മണിവരെയാണ് പ്രവർത്തനം.