കോഴിക്കോട്: കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറ് പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മരിച്ച റോയിയുടെ ഭാര്യ ജോളി ഉള്‍പ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായത്. ജോളിക്ക് സയനൈഡ് ഉള്‍പ്പെടെ വാങ്ങിനല്‍കിയ ജ്വല്ലറി ജീവനക്കാരൻ മാത്യു, മാത്യുവിന്‍റെ സുഹൃത്ത് സ്വര്‍ണപ്പണിക്കാരന്‍ പ്രജുകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. വടകര റൂറല്‍ എസ്.പി. ഓഫീസില്‍വെച്ച് ചോദ്യം ചെയ്‌ത ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ജോളിയേയും ഭര്‍ത്താവ് ഷാജുവിനെയും ഷാജുവിന്‍റെ പിതാവിനെയും മാത്യുവിനെയും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ചോദ്യംചെയ്യലിനു ശേഷം ഭര്‍ത്താവ് ഷാജുവിനെയും ഷാജുവിന്‍റെ പിതാവിനെയും വിട്ടയച്ചു.
കഴിഞ്ഞ ദിവസം കല്ലറകളില്‍നിന്ന് മരിച്ചവരുടെ മൃതദേഹം പുറത്തെടുത്ത് ഫോറൻസിക് പരിശോധനക്കുള്ള സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. റിപ്പോര്‍ട്ട് ഫോറൻസിക് ലാബില്‍നിന്ന് ശേഖരിച്ചതിന് ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. എന്നാൽ പ്രതികൾ കുറ്റം സമ്മതിച്ച സാഹചര്യത്തിലാണ് ഇന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊല്ലപ്പെട്ട ആറുപേരും മരണത്തിന് തൊട്ടുമുമ്പ് ആട്ടിൻസൂപ്പ് കഴിച്ചതായും സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു. മരിച്ച റോയി തോമസിന്‍റെ ശരീരത്തിൽ സയനൈഡിന്‍റെ അംശവും കണ്ടെത്തിയിരുന്നു. റോയി തോമസിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് സമാന രീതിയിൽ മരിച്ച മറ്റ് ആറ് പേരിലേക്കും അന്വേഷണം എത്തിച്ചത്. ബന്ധുക്കളുടെ മരണ ശേഷം വ്യാജ രേഖ ചമച്ച് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ഉറ്റബന്ധുവായ യുവതി ശ്രമിച്ചതാണ് കേസിൽ നിർണായകമായത്. അന്വേഷണം യുവതിയിലേക്ക് നീണ്ടതിന് പിന്നാലെ നുണപരിശോധനക്ക് വിധേയമാകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി നിഷേധിച്ചു.