കോഴിക്കോട്: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ വനിത ഡോക്‌ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്നും പ്രതിഷേധം തുടരാന്‍ തീരുമാനിച്ച് കെജിഎംഒഎ. ആശുപത്രികളിലെ അത്യാഹിത സേവനങ്ങള്‍ ഒഴികെയുള്ള മുഴുവന്‍ ജോലികളില്‍ നിന്നും ആരോഗ്യ പ്രവർത്തകർ വിട്ടു നിൽക്കും. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നത് വരെ വിഐപി ഡ്യൂട്ടി ബഹിഷ്‌കരിക്കാനും സംഘടന തീരുമാനിച്ചു. ജീവനക്കാരുടെ സുരക്ഷയ്ക്കായി ഏഴിന ആവശ്യങ്ങളാണ് കെജിഎംഒഎ സര്‍ക്കാറിനോട് ആവശ്യപ്പെടുന്നത്.
ആരോഗ്യ പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍:
- ആശുപത്രി സംരക്ഷണ നിയമം പരിഷ്‌കരിച്ചുള്ള ഓർഡിനൻസ് ഒരാഴ്‌ചക്കകം പുറപ്പെടുവിക്കുക.
- സിസിടിവി ഉൾപ്പടെയുളള സെക്യൂരിറ്റി സംവിധാനങ്ങൾ ഉൾപ്പെടുത്തിയും പരിശീലനം സിദ്ധിച്ച വിമുക്തഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിച്ചും ആശുപത്രികളിലെ സുരക്ഷ വർധിപ്പിക്കുക.
- അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളിൽ ആംഡ് റിസർവ് പൊലീസിനെ നിയമിച്ച് പൊലീസ് എയ്‌ഡ് പോസ്റ്റുകൾ സ്ഥാപിക്കുക.
- അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ ആരോഗ്യ സ്ഥിതി മനസിലാക്കി വേർതിരിക്കുന്ന സംവിധാനം 'ട്രയാജ്' സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ നടപ്പിലാക്കുക.
- പൊലീസ് കസ്റ്റഡിയിലുള്ള ആളുകളെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ജയിലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും കൂടുതൽ ഡോക്‌ടർമാരെ ജയിലിൽ ഡ്യൂട്ടിക്ക് നിയമിക്കുകയും ചെയ്യുക.
- കൃത്യവിലോപം നടത്തിയ പൊലീസുകാർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കുക.
- അത്യാഹിത വിഭാഗത്തിൽ ഒരു ഷിഫ്റ്റിൽ രണ്ട് ചീഫ് മെഡിക്കൽ ഓഫിസർമാരെ ഉൾപ്പെടുത്താൻ സാധിക്കും വിധം കൂടുതൽ സിഎംഒമാരെ നിയമിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുക.
എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് കെജിഎംഒയുടെ തീരുമാനം. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്ന് സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തും.