കോഴിക്കോട്: മൂന്നാം ഘട്ട തെരഞ്ഞെടുപ്പിൽ കനത്ത പോളിങ്. ഏറ്റവും കൂടുതൽ പോളിങ് മലപ്പുറത്തും കുറവ് കാസർകോടുമാണ്. പലയിടത്തും സംഘർഷങ്ങൾ നടന്നെങ്കിലും വോട്ടെടുപ്പ് പൊതുവെ സമാധന പൂർണമായിരുന്നു. മൂന്ന് മുന്നണികൾക്കും വലിയ പ്രതീക്ഷയാണ് കനത്ത പോളിങ് നൽകുന്നതെന്ന് മുന്നണികള്‍ പറയുന്നു. ഇതോടെ സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായി 78 ശതമാനം പോളിങ് രേഖപ്പെടുത്തി.
കാസര്‍കോട് 75.62 ശതമാനം പേരും കണ്ണൂരില്‍ 76.83 ശതമാനം പേരും കോഴിക്കോട് 77.32, മലപ്പുറം 77.59 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. മൂന്നാം ഘട്ടത്തില്‍ അവസാന അരമണിക്കൂറില്‍ മിക്ക ബൂത്തുകളിലും കൊവിഡ് രോഗികളെത്തി വോട്ട് ചെയ്തു മടങ്ങി. അവസാന മിനിറ്റുകളിലും നിരവധിപ്പേര്‍ വോട്ട് രേഖപ്പെടുത്താന്‍ കാത്ത് നില്‍ക്കുന്ന സാഹചര്യം ഉണ്ടായിരുന്നു.
ആന്തൂര്‍ നഗരസഭയിലടക്കം അവസാന മണിക്കൂറുകളില്‍ റെക്കോഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ പ്രശ്നബാധിത ബൂത്തുകളുള്ള കണ്ണൂരില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. പലയിടത്തും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് നാദാപുരം തെരുവംപറമ്പിൽ സംഘര്‍ഷമുണ്ടായി. പൊലീസ് ഗ്രാനേഡ് പ്രയോഗിച്ചു. തടിച്ചുകൂടിയ ജനങ്ങളെ പിരിച്ച് വിടുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസുകാര്‍ക്ക് അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊടുവള്ളിയിൽ എസ്‌ഡിപിഐ, സിപിഎം സംഘർഷത്തിലും നിരവധി പേർക്ക് പരിക്കേറ്റു. ബേപ്പൂരിൽ വോട്ട് ചെയ്ത് മടങ്ങുകയായിരുന്ന 68 വയസ്സുകാരി ഹൃദയാഘാതം മൂലം മരണപ്പെട്ടു.