കോഴിക്കോട്: ടാക്സി വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിച്ചില്ലെങ്കിൽ വാഹനത്തിന് ഫിറ്റ്നസ് പുതുക്കി നല്കേണ്ടെന്ന മോട്ടോർ വെഹിക്കിൾ വകുപ്പിന്റെ തീരുമാനം തങ്ങളെ വലിയ ദുരിതത്തിലേക്ക് തള്ളിവിടുമെന്ന് ടാക്സി ഡ്രൈവർമാർ. പഴയ വാഹനങ്ങളിൽ വലിയ ചിലവിൽ ജിപിഎസ് ഘടിപ്പിക്കുന്നത് സാമ്പത്തിക പ്രയാസമുണ്ടാക്കുമെന്നും ഡ്രൈവർമാർ പറയുന്നു. പുതിയ വാഹനങ്ങളിൽ ജിപിഎസ് സംവിധാനം വരുന്നതിനോട് തങ്ങൾക്ക് എതിർപ്പില്ലെന്നും ഡ്രൈവർമാർ വ്യക്തമാക്കി.
മേയ് 30 മുതൽ ബ്രേക്കിന് വരുന്ന ടാക്സി വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിച്ചില്ലെങ്കിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകേണ്ടെന്നായിരുന്നു മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിന്റെ തീരുമാനം. ഡ്രൈവർമാരുടെ എതിർപ്പിനെ തുടർന്ന് തീരുമാനം താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. വിഷയം ഗതാഗത മന്ത്രിയുമായി ഈ മാസം 15ന് തൊഴിലാളികൾ ചർച്ച നടത്തുന്നുണ്ട്. മന്ത്രി തങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഡ്രൈവർമാർ.