കോഴിക്കോട് : കായക്കൊടി സ്വദേശിനി ആദിത്യ ചന്ദ്രയുടെ(22) മരണത്തിൽ സുഹൃത്ത് അറസ്റ്റിൽ. മാവൂർ സ്വദേശി മുഹമ്മദ് അമൽ ആണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണ, വിവാഹ വാഗ്‌ദാനം നൽകി പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. കോഴിക്കോട് ഹൈലറ്റ് മാളിലെ ജീവനക്കാരിയായ കായക്കൊടി സ്വദേശി ആദിത്യ ചന്ദ്രയെ (22) ജൂലായ് 13നാണ് കോഴിക്കോട് ഗണിപതിക്കുന്നിലെ വാടകമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ആദിത്യയുടെ ദുരൂഹ മരണത്തിൽ പട്ടികജാതി സംരക്ഷണ നിയമം അനുസരിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ, ദേശീയ പട്ടികജാതി പട്ടികവർഗ കമ്മിഷൻ ചെയർമാൻ എന്നിവർക്കും പിതാവ് പരാതി നൽകിയിരുന്നു. യുവതിയുമായി ഒന്നര വർഷത്തെ പരിചയമുള്ള യുവാവ് വിവിധയിടങ്ങളിൽ വാടകക്ക് താമസിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. മെഡിക്കൽ കോളജ് അസിസ്റ്റൻ്റ് കമ്മിഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
തിരുവല്ലയിൽ മാതാപിതാക്കളെ കൊലപ്പെടുത്തി : ഇന്നലെയാണ് പത്തനംതിട്ട തിരുവല്ലയിൽ കുടുംബ വഴക്കിന്‍റെ പേരിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയത്. പുളിക്കീഴ് പരുമല സ്വദേശി 51 കാരനായ അനിൽകുമാറാണ് വൃദ്ധരായ മാതാപിതാക്കളെ കൊലപ്പെടുത്തിയത്. ആശാരിപ്പറമ്പിൽ കൃഷ്‌ണൻ കുട്ടി(76), ശാരദ(73) എന്നിവരാണ് കൊല്ലപ്പെട്ടത്.
അച്ഛനും അമ്മയും ആണ് തന്‍റെ ദാമ്പത്യ ജീവിതം തകർത്തതെന്ന വൈരാഗ്യത്തിലാണ് അനിൽ മാതാപിതാക്കളെ ദാരുണമായി കൊലപ്പെടുത്തിയത്. ഒറ്റയ്‌ക്ക് താമസിക്കുകയായിരുന്ന അനിൽ വാടക വീട്ടിൽ താമസിക്കുകയായിരുന്ന മാതാപിതാക്കളെ ഒപ്പം താമസിക്കാൻ കൂട്ടിക്കൊണ്ടുവരികയും പിന്നീട് കഴിഞ്ഞ ദിവസം ഇവർ തമ്മിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ പിതാവിനെ വെട്ടുകയുമായിരുന്നു. തടയാൻ ശ്രമിച്ച ശാരദയേയും അനിൽ വെട്ടികൊലപ്പെടുത്തി. ഇയാൾ മാതാപിതാക്കളെ കൊല്ലാൻ നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നതായാണ് പൊലീസ് അറിയിച്ചത്. അനിലിനെ പൊലീസ് ഇന്നലെ തന്നെ അറസ്‌റ്റ് ചെയ്‌തിരുന്നു.
Read More : Thiruvalla Murder | തിരുവല്ലയിൽ മാതാപിതാക്കളെ മകൻ കൊലപ്പെടുത്തിയ സംഭവം; ആസൂത്രിതമെന്ന് പൊലീസ്
ജിഫ്രിയുടെ കസ്‌റ്റഡി മരണം : രണ്ട് ദിവസം മുൻപ് കോഴിക്കോട് പൊലീസ് കസ്‌റ്റഡിയിൽ മരണപ്പെട്ട തിരൂരങ്ങാടി മമ്പുറം സ്വദേശി താമിർ ജിഫ്രിയുടെ മൃതദേഹത്തിൽ മർദനമേറ്റ പാടുകളുള്ളതായ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. പുറത്തിന്‍റെ ഭാഗം, കാല്‍ തുട, കാല്‍പാദത്തിന്‍റെ വെള്ള ഭാഗത്തും ക്രൂരമായ മര്‍ദനമേറ്റ പാടുകളുണ്ടെന്നാണ് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മർദനമേറ്റതിന്‍റെ 13 മുറിവുകളാണ് ജിഫ്രിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. ഓഗസ്‌റ്റ് ഒന്നിനാണ് മയക്കുമരുന്ന് കൈവശം വച്ചതിന്‍റെ പേരിൽ ജിഫ്രി പൊലീസ് കസ്‌റ്റഡിയിലാകുന്നത്. അന്ന് തന്നെയാണ് പൊലീസ് കസ്‌റ്റഡിയിലിരിക്കെ ഇയാൾ മരണപ്പെട്ടത്. അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതിനാൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നെന്നാണ് സംഭവത്തിൽ പൊലീസ് റിപ്പോർട്ട്.