കോഴിക്കോട് : കടലിലൂടെ ഒന്ന് നടക്കണമെന്നും തിരമാലകൾക്കൊപ്പം ഉയർന്ന് പൊങ്ങുകയും താഴുകയും ചെയ്യണമെന്നും തോന്നാത്തവരായി ആരുമുണ്ടാകില്ല. പ്രത്യേകിച്ച് തലാസോഫൈൽ(thalassophile) ആയിട്ടുള്ള വ്യക്തികൾക്ക്. ഇനി കടലിലൂടെ നടക്കണമെന്ന് ആഗ്രഹം തോന്നിയാൽ നേരെ കോഴിക്കോട്ടേക്ക് വിടാം.
കോഴിക്കോട്ടെ ബേപ്പൂർ മറീന ബീച്ചിൽ സാഹസികത ഇഷ്‌ടപ്പെടുന്ന സഞ്ചാരികൾക്കായി ഒഴുകുന്ന പാലം(floating bridge) തയാറാണ്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഇനി തിരമാലകൾക്ക് മീതെ ഒഴുകി നടക്കാം. ഡിടിപിസിയുടെയും തുറമുഖ വകുപ്പിന്‍റെയും സഹായത്തോടെ ചാലക്കുടി ക്യാപ്‌ചർ ഡേയ്‌സ് അഡ്വഞ്ചർ ടൂറിസം ആൻഡ് വാട്ടർ സ്പോർട്‌സിന്‍റെ നേതൃത്വത്തിലാണ് പാലം സ്ഥാപിച്ചത്.
വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന ഹൈ ഡെൻസിറ്റി പോളി എത്തിലിൻ(എച്ച്ഡിപിഇ) ബ്ലോക്കുകൾ ഉപയോഗിച്ചാണ് ഫ്ലോട്ടിങ് ബ്രിഡ്‌ജിന്‍റെ നിർമാണം. തിരമാലകൾക്ക് മീതെ പുതിയ അനുഭവം തരുന്ന പാലത്തിന് 100 മീറ്റർ നീളവും 3 മീറ്റർ വീതിയുമാണുള്ളത്. ഔദ്യോഗിക പ്രവർത്തനോദ്ഘാടനം മാർച്ച് 27ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
7 കിലോ തൂക്കം വരുന്ന 1300 എച്ച്ഡിപിഇ ബ്ലോക്കുകളാണ് പാലത്തിനായി ഉപയോഗിച്ചിരിക്കുന്നത്. വശങ്ങളിൽ കൈവരിയുള്ളതിനാൽ വീഴാതെ പിടിച്ചുനിൽക്കാൻ കഴിയും. 100 കിലോഗ്രാം തൂക്കമുള്ള 31 നങ്കൂരങ്ങൾ ഉപയോഗിച്ചാണ് പാലം ബലപ്പെടുത്തിയിരിക്കുന്നത്.
തിരമാലകൾക്ക് അനുസരിച്ച് പാലം ഉയരുകയും താഴുകയും ചെയ്യും. ഒരേ സമയം 500 പേർക്ക് വരെ കയറാൻ ശേഷിയുണ്ട്. എന്നാൽ നിലവിൽ 50 പേരെ ലൈഫ് ജാക്കറ്റ് ധരിച്ച് മാത്രമാണ് പാലത്തിൽ പ്രവേശനം അനുവദിക്കുന്നത്.
കടലിലേക്ക് നീണ്ടുകിടക്കുന്ന പാലത്തിന്‍റെ അറ്റത്ത് സന്ദർശകർക്ക് കടൽ സൗന്ദര്യം ആസ്വദിക്കാവുന്ന തരത്തിൽ 15 മീറ്റർ വീതിയിലുള്ള പ്ലാറ്റ്‌ഫോം ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശനം. 100 രൂപയാണ് പ്രവേശന ഫീസ്.