കോഴിക്കോട്: പാണക്കാട് ഹൈദരലി തങ്ങളുടെ മകൻ മുഈനലിക്ക് എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റിൻ്റെ നോട്ടീസ്. 'ചന്ദ്രിക' കള്ളപ്പണവുമായി ബന്ധപ്പെട്ട കേസിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സെപ്റ്റംബർ 17ന് ഹാജരാകാനാണ് ഇ.ഡി നിർദേശം.
കള്ളപ്പണ വിഷയം വലിയ ചർച്ചയായതിനിടെ മുഈനലി വാർത്ത സമ്മേളനത്തിൽ നടത്തിയ വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തിൽ മുഈനലി ഇ.ഡിക്ക് മുന്നിലെത്തുന്നത് ഏറെ നിർണായകമാകും.
ചന്ദ്രിക ദിനപത്രത്തിന്‍റെ മറവിൽ കള്ളപ്പണം വെളിപ്പിച്ചുവെന്ന ആരോപണത്തിൽ മുൻമന്ത്രി കെ.ടി ജലീലിന്‍റെ പക്കൽ നിന്നും ഇ.ഡി തെളിവുകൾ ശേഖരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മുഈനലി തങ്ങൾക്ക് ഇ.ഡി നോട്ടീസ് അയച്ചിരിക്കുന്നത്.
16-ാം തീയതി ഹാജരാകാൻ പി.കെ കുഞ്ഞാലിക്കുട്ടിക്കും നിർദേശമുണ്ട്. ചന്ദ്രിക ദിനപത്രത്തെയും ലീഗിന്‍റെ മറ്റ് സ്ഥാപനങ്ങളെയും മറയാക്കി കള്ളപ്പണം വെളുപ്പിക്കുക, അവിഹിതമായ ധന സമ്പാദനം നടത്തുക എന്നീ ആരോപണങ്ങളാണ് കെ.ടി ജലീൽ ഉന്നയിച്ചത്. പാലാരിവട്ടം പാലത്തിന്‍റെ അഴിമതി പണം ചന്ദ്രികയുടെ അകൗണ്ടിലേക്കാണ് എത്തിയതെന്നും കെ.ടി ജലീൽ ആരോപിക്കുന്നു.
Also Read: ചേവായൂർ കൂട്ട ബലാത്സംഗ കേസ്; രണ്ട് പേർ കൂടി അറസ്റ്റിൽ