കോഴിക്കോട്: കൊയിലാണ്ടിയിൽ സമ്പർക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. തിങ്കളാഴ്‌ച കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നടത്തിയ പി.സി.ആർ പരിശോധനയില്‍ ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ഓട്ടോറിക്ഷ ഡ്രൈവറുടെ മതാപിതാക്കള്‍ക്കും കൊയിലാണ്ടി നഗരസഭയിലെ 30-ാം വാര്‍ഡിലെ കോമത്ത്കരയില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്കുമാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം നഗരസഭയിലെ പട്ടണത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തെ 39-ാം വാര്‍ഡിലെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആ കുടുംബത്തിലെ ഗൃഹനാഥന്‍റെ ഭാര്യ വീടായ കോമത്ത്കരയിലെ ഏഴ് പേര്‍ക്കാണ് തിങ്കളാഴ്‌ച രോഗം സ്ഥിരീകരിച്ചത്. ഭാര്യ, രണ്ട് മക്കൾ, അമ്മ, ഭാര്യ സഹോദരൻ കൂടാതെ ഇവരുടെ വീട്ടിൽ കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് താമസിക്കാൻ എത്തിയ അമ്മയുടെ സഹോദരിക്കും മകനുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ചെങ്ങോട്ടുകാവ് പഞ്ചായത്തിലും രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊയിലാണ്ടിയൽ സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കി ആരോഗ്യ പ്രവർത്തകുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ അറിയിച്ചു.