കോഴിക്കോട്: ഗവർണറുടെ സന്ദർശനത്തിന് ശേഷം വീണ്ടും സംഘർഷ ഭൂമിയായി കാലിക്കറ്റ് സർവകലാശാല കാമ്പസ്. ഇന്ന് നടന്ന സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയ അഞ്ച് അംഗങ്ങളെ തടഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതോടെയാണ് കാലിക്കറ്റില്‍ വീണ്ടും പൊലീസും വിദ്യാർഥി സംഘടന പ്രവർത്തകരും തമ്മില്‍ സംഘർഷമുണ്ടായത്.
അഞ്ച് സെനറ്റ് അംഗങ്ങൾ ബിജെപി അനുകൂലികളാണെന്ന് ആരോപിച്ചാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അംഗങ്ങളെ തടഞ്ഞത്. കാമ്പസില്‍ എത്തിയ സെനറ്റ് അംഗങ്ങളെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അകത്തേക്ക് കയറ്റി വിട്ടില്ല. ഇതോടെ കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് ഹാളിന് പുറത്ത് ഇപ്പോള്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. അതേസമയം, യോഗത്തില്‍ പങ്കെടുക്കാനെത്തിയ യുഡിഎഫ് പ്രതിനിധികളെ എസ്‌എഫ്‌ഐ പ്രവർത്തകർ കാമ്പസിനുളളിലേക്ക് കടത്തിവിട്ടു.
സെനറ്റ് ഹാളിന്‍റെ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നോമിനേറ്റ് ചെയ്‌ത ഒമ്പത് സംഘപരിവാര്‍ അംഗങ്ങളെ തടയുമെന്ന് എസ്‌എഫ്‌ഐ മുൻപ് തന്നെ പറഞ്ഞിരുന്നു. ഇതേ തുടർന്ന് വൻ പൊലീസ് സന്നാഹമാണ് കാമ്പസിലുണ്ടായിരുന്നത്.
ഗവര്‍ണര്‍ക്കെതിരായ എസ്‌എഫ്‌ഐ ബാനര്‍: കേരള സര്‍വകലാശാല ആസ്ഥാനത്ത് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ സ്ഥാപിച്ച ബാനര്‍ നീക്കം ചെയ്യണമെന്ന വൈസ് ചാന്‍സലറുടെ നിര്‍ദേശം തള്ളി ഇടത് ഭൂരിപക്ഷമുള്ള സിന്‍ഡിക്കേറ്റ്. ബാനര്‍ നീക്കം ചെയ്യാന്‍ രജിസ്ട്രാര്‍ക്ക് വൈസ് ചാന്‍സലര്‍ നല്‍കിയ നിര്‍ദേശം നടപ്പാക്കേണ്ടതില്ലെന്ന് സിന്‍ഡിക്കേറ്റ് രജിസ്ട്രാറെ അറിയിച്ചതോടെ കേരള സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റും വിസിയും തമ്മില്‍ തുറന്ന പോരിന് വഴി തുറന്നു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിച്ചുകൊണ്ട് കേരള സര്‍വകലാശാല സെനറ്റ് ഹാളിന്‍റെ പ്രധാന കവാടത്തിനു കുറുകെ എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ കെട്ടിയ ബാനര്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നമ്മല്‍ ഡിസംബര്‍ 20 നാണ് സര്‍വകലാശാല രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയത്. സര്‍വകലാശാല കാമ്പസില്‍ 200 മീറ്റര്‍ ചുറ്റളവില്‍ അധികൃതര്‍ക്കെതിരെ അനൗദ്യോഗിക ബാനര്‍, ബോര്‍ഡ് എന്നിവ പ്രദര്‍ശിപ്പിക്കുന്നത് വിലക്കികൊണ്ടുള്ള ഹൈക്കോടതി വിധി നിലനില്‍ക്കവേയാണ് ബാനര്‍ പ്രദര്‍ശിപ്പിച്ചത്.
ALSO READ: എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം; പൊലീസിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട്