കോഴിക്കോട് : ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ സ്വകാര്യ ബസിൽ വച്ച് മർദിച്ച് ഇറക്കി വിട്ട സംഭവത്തിൽ കണ്ടക്‌ടർക്കെതിരെ കേസെടുത്ത് പൊലീസ്. അത്തോളി കൊങ്ങന്നൂർ സ്വദേശി അസ്‌ലുവിനെതിരെ ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംബന്ധിക്കുന്ന നിയമപ്രകാരമാണ് പയ്യോളി പൊലീസ് കേസെടുത്തത്. ഇടിവി ഭാരതാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് നടപടി.
ചേമഞ്ചേരി അഭയം സ്പെഷ്യൽ സ്‌കൂളിലെ വിദ്യാർഥിയായ ഷാനിഫിനെയാണ് കണ്ടക്‌ടര്‍ അസഭ്യം പറഞ്ഞ് മർദിച്ചത്. തിക്കോടി സ്വദേശിയായ ഷാനിഫ്, പൂക്കാട് സ്‌റ്റോപ്പില്‍ നിന്നാണ് ബസ് കയറിയത്. അടുത്ത ബസ് സ്‌റ്റാന്‍ഡായ കൊയിലാണ്ടിയിൽ എത്തിയപ്പോൾ ഇറങ്ങി പോകാൻ കണ്ടക്‌ടര്‍ ആവശ്യപ്പെട്ടു. തിക്കോടിക്കാണ് ടിക്കറ്റെടുത്തത് എന്ന് പറഞ്ഞതോടെ കണ്ടക്‌ടര്‍ അസഭ്യം പറഞ്ഞ് മർദിക്കുകയായിരുന്നുവെന്നാണ് പരാതി.
തിക്കോടി ഇറങ്ങാൻ സമ്മതിക്കാതെ ഷാനിഫിനെ തൊട്ടടുത്ത പയ്യോളി ബസ് സ്‌റ്റാന്‍ഡില്‍ ഇറക്കി വിട്ടു. ടിക്കറ്റ് പിടിച്ച് വാങ്ങിയ ശേഷമാണ് ഇറക്കിവിട്ടതെന്നും ഷാനിഫ് പറഞ്ഞു. തുടർന്ന് പയ്യോളി സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ബസ് ഏതാണെന്ന് അറിയില്ലെന്ന് മാനസിക വെല്ലുവിളി നേരിടുന്ന ഷാനിഫ് പൊലീസിനോട് പറഞ്ഞു. ബന്ധുക്കളും സ്‌കൂള്‍ അധികൃതരും പൊലീസുമായി ബന്ധപ്പെട്ടെങ്കിലും ബസ് ഏതാണെന്ന് കാണിച്ച് തന്നാൽ നടപടി സ്വീകരിക്കാമെന്ന മറുപടിയാണ് ലഭിച്ചത്.
ഇടിവി ഭാരതിന്‍റെ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടതോടെ ഇന്ന് രാവിലെ ബസ് തിരിച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞു. 12 മണിയോടെ കണ്ടക്‌ടറെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഭിന്നശേഷിക്കാർക്ക് നേരെയുള്ള അക്രമം അംഗീകരിക്കാൻ കഴിയില്ലെന്നും ഒത്തുതീർപ്പിന് തയ്യാറല്ലെന്ന് പരാതിക്കാർ വ്യക്തമാക്കുകയും ചെയ്‌തതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.