കോഴിക്കോട്: അരൂര്‍ എളയടത്ത് നിന്ന് വോളീബോള്‍ മത്സരം കണ്ട് മടങ്ങുന്നതിനിടയില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിലെ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. കടമേരി സ്വദേശി തെയ്യത്താംകാട്ടില്‍ ടി.കെ. ഷബീര്‍ (31) നെയാണ് വടകര നര്‍കോട്ടിക് സെല്‍ ഡിവൈഎസ്‌പി സി സുന്ദരനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്‌തത്. ഫെബ്രുവരി 19ന് പുലര്‍ച്ചെയാണ് പേരാമ്പ്ര പന്തീരിക്കര സ്വദേശി അജിനാസിനെ തട്ടിക്കൊണ്ട് പോയത്.
വില്യാപ്പളളി സ്വദേശിക്ക് വേണ്ടി ദുബായില്‍ നിന്ന് കൊടുത്തയച്ച ഒരു കിലോയിലധികം തൂക്കം വരുന്ന സ്വര്‍ണം കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കാറില്‍ നാട്ടിലേക്ക് കടത്തുന്നതിനിടയില്‍ മട്ടന്നൂരിനടുത്ത് കാര്‍ തടഞ്ഞ് യാത്രക്കാരുടെ കഴുത്തിൽ കത്തി വെച്ച് സ്വര്‍ണം കവര്‍ന്ന കേസിലെ ഒന്നാം പ്രതിയാണ് അജിനാസ്. അജിനാസിനെ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച ഇന്നോവ കാർ ഓടിച്ചത് ഷബീറാണെന്ന് പൊലീസ് പറഞ്ഞു. കടമേരി കീരിയങ്ങാടിയില്‍ വെച്ചാണ് ഷബീറിനെ ഡിവൈഎസ്‌പിയുടെ സ്ക്വാഡ് അറസ്റ്റ് ചെയ്‌തത്. ഷബീര്‍, വടകര, വില്യാപ്പളളി ഭാഗങ്ങളില്‍ ഡ്രൈവറായി ജോലി ചെയ്‌ത് വരികയായിരുന്നു.