കോഴിക്കോട്: കുന്ദമംഗലം പന്തീർപാടത്തെ കാർത്ത്യായനി അമ്മക്ക് സ്വന്തമായൊരു വീട് വേണം. സുമനസുകളുടെ സഹായത്താൽ വീട് പണി ആരംഭിച്ചതാണ്. ലോക്ക്ഡൗൺ വന്നതോടെ എല്ലാം തകിടം മറിഞ്ഞു. അവിടെയാണ് കുന്ദമംഗലത്തെ യൂത്ത് ലീഗുകാർ ഒരുമിച്ചത്.
ബിരിയാണി ചാലഞ്ച് നടത്തി വീടിൻ്റെ പണി പൂർത്തിയാക്കാനുള്ള പണം കണ്ടെത്തുകയാണ് യൂത്ത് പ്രവർത്തകർ. നൂറ് രൂപ തോതിൽ പതിനായിരം ബിരിയാണി പൊതികളാണ് ചലഞ്ചിലൂടെ വിതരണം ചെയ്യുന്നത്. ആവശ്യക്കാരെ നേരത്തെ തന്നെ യൂത്ത് ലീഗ് ശാഖാ പ്രവർത്തകർ കണ്ടെത്തി കഴിഞ്ഞു. ബിരിയാണിക്കാവശ്യമായ അരിയും ചിക്കനും മറ്റു സാധനങ്ങളും സുമനസുകൾ എത്തിച്ചു നൽകിയതാണ്. നാട്ടിലെ പാചകക്കാരും സേവന സന്നദ്ധരായെത്തി. നേരത്തെ ബുക്ക് ചെയ്‌തവർക്ക് ബിരിയാണി പൊതികൾ എത്തിച്ചു നൽകുന്നതും യൂത്ത് ലീഗ് വാളണ്ടിയർന്മാരാണ്.
നന്മയുടെ പാഠവുമായി യൂത്ത് ലീഗ്
കാർത്ത്യായനി അമ്മക്കൊരു വീടിന് വേണ്ടിയുളള ബിരിയാണി ചലഞ്ച് കുന്ദമംഗലത്തെ പൊതു സമൂഹം തന്നെ ഏറ്റെടുത്തു. വാർധക്യത്താൽ തളർന്ന അമ്മക്കൊപ്പം അസുഖബാധിതനായ മകനും വാടക വീട്ടിലാണ് താമസിക്കുന്നത്. യൂത്ത് ലീഗ് പ്രവർത്തകർ തന്നെയാണ് കാർത്ത്യായനി അമ്മയെയും മകനെയും വാടക വീട്ടിലേക്ക് മാറ്റി ഭക്ഷണവും മരുന്നും എത്തിച്ച് കൊടുക്കുന്നത്. ഈ അസാധാരണ കാലത്തും ഒരു കൂട്ടായ്മ ഉയർന്ന് വന്നപ്പോൾ തെളിയുന്നത് നന്മയുടെ നല്ല പാഠമാണ്.
READ MORE: തെരുവിന്‍റെ മക്കള്‍ക്ക് അന്നവും ജീവിതവും നല്‍കി സേവ ഫൗണ്ടേഷൻ; കനിവാര്‍ന്ന മാതൃക