കോഴിക്കോട്: നമ്മള്‍ ചവറ്റുകുട്ടയിലേക്കാണ് ഉള്ളിത്തൊലി ഇടുന്നത്. എന്നാല്‍ ശശികലയുടെ കയ്യില്‍ കിട്ടുന്ന ഉള്ളിത്തൊലി ജീവസുറ്റ ചിത്രങ്ങളാകും. ഉള്ളിയുടെ തൊലി കൊണ്ട് ചിത്രങ്ങൾ നിർമ്മിച്ച് വ്യത്യസ്തയാവുകയാണ് കൽപ്പറ്റ സ്വദേശിനി സി പി ശശികല. കോഴിക്കോട് കേരള അക്കാദമി ആർട്ട് ഗ്യാലറിയിലാണ് ഉള്ളിത്തൊലി കൊണ്ടുള്ള ചിത്ര പ്രദർശനം നടക്കുന്നത്.
ഗാന്ധിജിയുടെയും മദർതെരേസയുടെയും ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് ശശികല നിർമ്മിച്ചിരിക്കുന്നത്. മദർ തെരേസയുടെ ഉള്ളിത്തോൽ ചിത്രം 2015 -2016 വർഷത്തെ സംസ്ഥാന കരകൗശല അവാർഡ് നേടിയിരുന്നു. കൽപ്പറ്റയിലെ കാർഷിക വികസന ബാങ്കിൽ നിന്ന് വിരമിച്ച ശശികല 30 വർഷം മുമ്പാണ് ഉള്ളിയുടെ തൊലി ഉപയോഗിച്ചുള്ള വ്യത്യസ്തമായ ചിത്ര നിർമ്മിതി തുടങ്ങിയത്. ആദ്യം ചെയ്ത മൈക്കൽ ആഞ്ചലോയുടെ വിഖ്യാതശില്പമായ പിയാത്തയുടെ ചിത്രവും പ്രദർശനത്തിലുണ്ട്. ഉള്ളിത്തോലില്‍ നിര്‍മ്മിച്ച ചിത്രത്തിന് 30 വർഷം പിന്നിട്ടിട്ടും കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. അടുക്കളയിൽ നിന്ന് തോന്നിയ ഒരു ആശയമാണ് ഇത്തരമൊരു ചിത്രനിർമ്മിതിക്ക് കാരണമായതെന്ന് ശശികല പറയുന്നു.
ഒരു ചിത്രം മുഴുവനാക്കാൻ 15 ദിവസം മുതൽ ഒരു മാസം വരെ എടുക്കാറുണ്ട്. പ്രദർശനത്തിൽ മെറ്റൽ, ക്ലോത്ത്, വൂൾ ത്രെഡ് എന്നിവ കൊണ്ടുള്ള സൃഷ്ടികളും ഉണ്ട്. തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, ചെന്നൈ, പോണ്ടിച്ചേരി, മൈസൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലും ശശികലയുടെ ചിത്രങ്ങളുടെ പ്രദർശനം നടന്നിട്ടുണ്ട്. പ്രദർശനം അഞ്ചിന് സമാപിക്കും.