കോഴിക്കോട്: പാലക്കാട് മഞ്ചക്കണ്ടിയിൽ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ നടപടിക്കെതിരെ ആഞ്ഞടിച്ച് സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫ്. മാനാഞ്ചിറ കിഡ്സൺ കോർണറിൽ എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിക്ഷേധ ധർണയിൽ മുഖ്യമന്ത്രിയെ പേരെടുത്ത് പറയാതെ വിമർശിച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി. ഗവാസ് . ധർണ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു പി. ഗവാസ്.
കേരളം ഭരിക്കുന്നത് കോൺഗ്രസോ വലതു പക്ഷമോ അല്ലെന്ന ബോധം ഭരണ നേതാക്കൾക്ക് ഉണ്ടാവണമെന്ന് ഗവാസ് പറഞ്ഞു. ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്നവർ വഴി തെറ്റി പോവുമ്പോൾ അവരെ തിരുത്തി കൊണ്ടുവരാനാണ് കമ്യൂണിസ്റ്റ് സർക്കാർ ശ്രമിക്കേണ്ടത്. അവർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്നും ഗവാസ് ആവശ്യപ്പെട്ടു. മാവോയിസ്റ്റുകൾ മുഴക്കിയ മുദ്രാവാക്യം ഇൻക്വിലാബ് ആണെന്നും അവർ പിടിച്ചത് ചെങ്കൊടി ആണെന്നും അവരെ സഖാക്കൾ എന്നാണ് അവർ വിളിച്ചിരുന്നതെന്നും ഗവാസ് ഓർമിപ്പിച്ചു. മാവോയിസ്റ്റുകളുടെ നയങ്ങളോട് സി.പി.ഐക്ക് യോജിപ്പില്ലെന്നും എന്നാൽ അതിന് പരിഹാരം അവരെ വെടി വെച്ചു കൊല്ലുകയല്ല വേണ്ടതെന്നും എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി. പങ്കജാക്ഷൻ പറഞ്ഞു. ഇത് ഫാസിസമാണെന്നും ഇടതുപക്ഷ സർക്കാരിന് ഈ സമീപനം ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി. ബാലനും പങ്കെടുത്തു.