കോഴിക്കോട്: അന്തരിച്ച പ്രമുഖ ഹാസ്യ നടന്‍ മാമുക്കോയയുടെ സംസ്‌കാരം ഇന്ന് നടക്കും. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ രാവിലെ പത്തിനാണ് ചടങ്ങുകൾ. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക.
ഒമ്പത് മണിവരെ വീട്ടിൽ പൊതുദർശനമുണ്ടാകും. തുടർന്ന്, അരക്കിണർ മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്‌കാരത്തിന് ശേഷമാണ് കണ്ണംപറമ്പിലേക്ക് കൊണ്ടുപോവുക. കഴിഞ്ഞ ദിവസം വൈകിട്ട് 4.45 ഓടെയാണ് കോഴിക്കോട്ടെ ടൗണ്‍ഹാളില്‍ അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചത്.
പ്രിയനടനെ അവസാനമായി ഒരു നോക്കു കാണാന്‍ ടൗണ്‍ഹാളിലേയ്‌ക്ക് ആയിരങ്ങള്‍ ഒഴുകിയെത്തിയിരുന്നു. രാത്രി 10 മണി വരെ പൊതുദര്‍ശനം നീണ്ടു നിന്നു. രാത്രി വൈകിയും നിരവധി ആളുകളാണ് പ്രിയ നടന് അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലേക്ക് എത്തിയത്.
കലാ-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവർക്കൊപ്പം മാമുക്കോയയുടെ നാട്ടുകാരും അവസാനമായി ആദരാഞ്ജലി അർപ്പിക്കാൻ ടൗൺഹാളിലേക്ക് എത്തിയിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്‌ച ഉച്ചയ്ക്ക് 1.05 ഓടെയായിരുന്നു അന്ത്യം. വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് ചൊവ്വാഴ്‌ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തശ്രാവം ഉണ്ടായതിനെ തുടർന്ന് സ്ഥിതി ഗുരുതരമാവുകയായിരുന്നു.
സിനിമ, നാടക, സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ മേഖലയിലെ നിരവധി പ്രമുഖരും താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ടൗണ്‍ഹാളില്‍ ഒഴുകിയെത്തിയിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് തുടങ്ങിയ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും നടന് അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
നാട്യങ്ങളില്ലാത്ത നന്മയുടെ നിറകുടം എന്നാണ് മാമുക്കോയയെ മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്. നിരവധി സിനിമകളില്‍ മാമുക്കോയക്കൊപ്പം തനിക്ക് അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചുവെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
'നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയ. മലബാർ ശൈലിയെ തനിമ ചോരാതെ തികച്ചും സ്വാഭാവികമായി ഈ അതുല്യ പ്രതിഭ വെള്ളിത്തിരയിൽ അവതരിപ്പിച്ചു. 'ദൂരെ ദൂരെ ഒരു കൂടുകൂട്ടാം' എന്ന സിനിമ മുതൽ അടുത്തിടെ പ്രിയദർശൻ സംവിധാനം ചെയ്‌ത 'ഓളവും തീരവും' വരെ എത്രയെത്ര ചിത്രങ്ങളിലാണ് ഒന്നിച്ചഭിനയിക്കാൻ എനിക്ക് ഭാഗ്യം ഉണ്ടായത്. ആ നിഷ്‌കളങ്കമായ ചിരി ഒരിക്കലും മായാതെ എന്നെന്നും മനസിൽ നിറഞ്ഞു നിൽക്കും. മലയാള സിനിമയ്ക്ക് തീരാനഷ്‌ടമായി മാറിയ അദ്ദേഹത്തിൻ്റെ വേർപാടിൽ ആദരാഞ്ജലികൾ...'-ഇപ്രകാരമാണ് മോഹന്‍ലാലിന്‍റെ അനുശോചനം. പ്രിയപ്പെട്ട മാമുക്കോയക്ക് ആദരാഞ്ജലികള്‍ എന്നാണ് മമ്മൂട്ടി പ്രതികരിച്ചത്.
അതേസമയം 'കുരുതി'യിലെ മാമുക്കോയക്കൊപ്പമുള്ള അനുഭവം പങ്കുവച്ച് കൊണ്ടാണ് പൃഥ്വിരാജ് അനുശോചനം രേഖപ്പെടുത്തിയത്. 'നിത്യശാന്തി നേരുന്നു മാമുക്കോയ സര്‍! നിരവധി തവണ അങ്ങേയ്‌ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കുരുതിയില്‍ മൂസ എന്ന കഥാപാത്രമായി അങ്ങ് അഴിഞ്ഞാടുന്നത് ഏറ്റവും അടുത്തു നിന്ന് കാണാന്‍ കഴിഞ്ഞതിന്‍റെ ഓര്‍മ ഞാന്‍ എന്നും ഹൃദയത്തോട് ചേര്‍ത്തു വയ്‌ക്കും' -ഇപ്രകാരമാണ് പൃഥ്വിരാജ് കുറിച്ചത്. ലെജന്‍ഡ്, കുരുതി, മൂസ എന്നീ ഹാഷ്‌ടാഗുകള്‍ക്കൊപ്പമായിരുന്നു പൃഥ്വിരാജിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്.
Also Read: 'നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടം': മാമുക്കോയയെ അനുസ്‌മരിച്ച് മലയാള സിനിമ ലോകം