കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ. ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബിഹാർ സ്വദേശി പൂനം ദേവിയായിരുന്നു കടന്നുകളഞ്ഞത്. മലപ്പുറം വേങ്ങരയിൽ വച്ചാണ് ഇവർ പിടിയിലായത്.
അര്‍ധരാത്രി 12.15ഓടെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട പൂനം ദേവി രാവിലെ കോഴിക്കോട് സ്റ്റാൻഡിൽ നിന്ന് ബസ് കയറിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് വേങ്ങരയിൽ കാത്തുനിന്ന പൊലീസ്, ബസ് എത്തിയ ഉടൻ ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ വീണ്ടും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും.
ഫൊറൻസിക് വാർഡ് അഞ്ചിലെ ശുചിമുറിയുടെ വെന്‍റിലേറ്റർ ഗ്രിൽ, കല്ലുകൊണ്ട് കുത്തിയിളക്കി അതുവഴി രക്ഷപ്പെട്ടതായാണ് പ്രാഥമിക നിഗമനം. മലപ്പുറം വേങ്ങരയിൽ വച്ച് ബിഹാറിലെ വൈശാലി സ്വദേശിയായ പൂനം ദേവിയും ഇവരുടെ ആൺസുഹൃത്തായ ജയപ്രകാശനും ചേർന്ന് പൂനം ദേവിയുടെ ഭർത്താവ് സഞ്ജിത് പാസ്വാനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. യാറമ്പടി എന്ന സ്ഥലത്തുള്ള പി കെ ക്വാട്ടേഴ്‌സിൽ വയറുവേദന വന്ന് സഞ്ജിത് പാസ്വാൻ മരണപ്പെട്ടു എന്നായിരുന്നു പൂനം പൊലീസിന് നൽകിയ മൊഴി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞതും പൂനം ദേവിയെ പൊലീസ് പിടികൂടിയതും. കടുത്ത മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇന്നലെയാണ് ഇവരെ കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. കേസിലെ മറ്റൊരു പ്രതിയായ ജയപ്രകാശൻ ഒളിവിലാണ്.