കോഴിക്കോട് : കോർപറേഷന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വീണ്ടും ഒന്നരക്കോടി രൂപ കൂടി നഷ്‌ടമായി. ലിങ്ക് റോഡ് ശാഖയിലാണ് തട്ടിപ്പ് നടന്നത്. വിവിധ പദ്ധതികൾക്ക് വിനിയോഗിക്കാൻ എസ്ബി അക്കൗണ്ടിൽ നിക്ഷേപിച്ച തുകയാണ് നഷ്‌ടമായിരിക്കുന്നത്. ഇതടക്കം 4 കോടി രൂപയുടെ തട്ടിപ്പാണ് പഞ്ചാബ് നാഷണല്‍ ബാങ്കിൽ നടന്നത്.
നേരത്തെ 2.53 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. ഈ പണം പഞ്ചാബ് നാഷണൽ ബാങ്ക് തിരികെ നൽകി. ബാങ്ക് മാനേജർ എം പി റിജിൽ കോര്‍പറേഷന്‍റെ അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്ത 2.53 കോടിയോളം രൂപയാണ് കോർപറേഷന്‍റെ അക്കൗണ്ടിലേക്ക് ബാങ്ക് തിരിച്ചടച്ചത്.
പണം തട്ടിയ മാനേജർ റിജിൽ ഇപ്പോഴും ഒളിവിലാണ്. കോര്‍പറേഷന്‍റെ അക്കൗണ്ടിലെ പണം റിജിൽ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതിനെതിരെ കോർപറേഷൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവാദിത്തമേറ്റെടുത്ത് പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ നടപടി.
ബാങ്ക് തട്ടിപ്പിൽ കോഴിക്കോട് കോർപറേഷന്‍റെ ഭാഗത്തും വീഴ്‌ചയുണ്ടായതായാണ് വിവരം. ബാങ്ക് ഇടപാടുകൾ കൃത്യമായി നിരീക്ഷിക്കാൻ ലോക്കൽ ഫണ്ട് ഓഡിറ്റ് നൽകിയ നിർദേശം കോർപറേഷൻ പാലിച്ചില്ലെന്നാണ് കണ്ടെത്തൽ. കോര്‍പറേഷന്‍റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
ബാങ്കിന്‍റെ എരഞ്ഞിപ്പാലം ശാഖയിലെ മാനേജര്‍ റിജില്‍, അച്ഛന്‍റെ അക്കൗണ്ടിലേക്ക് 98 ലക്ഷത്തിലേറെ രൂപ മാറ്റിയതായാണ് ആദ്യം കണ്ടെത്തിയത്. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കോര്‍പറേഷന്‍ ബാങ്കിനെ സമീപിച്ചപ്പോള്‍ അക്കൗണ്ടില്‍ പണമില്ലെന്ന് അറിയിക്കുകയായിരുന്നു. അന്വേഷിച്ചപ്പോള്‍ പിഴവ് സംഭവിച്ചെന്നായിരുന്നു ബാങ്കിന്‍റെ വിശദീകരണം.
Also Read: കോർപ്പറേഷന്‍റെ ബാങ്ക് അക്കൗണ്ടിൽ തട്ടിപ്പ്; പണം തിരിമറി നടത്തിയ മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍
പിന്നീട് പണം അക്കൗണ്ടിലേക്ക് ഓട്ടോ ക്രെഡിറ്റാവുകയും ചെയ്‌തു. ശേഷം മറ്റൊരു അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച് കോര്‍പറേഷന്‍ വിശദമായ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു. അപ്പോഴാണ് വലിയ തിരിമറി നടന്നതായി വ്യക്തമായത്. പണം തട്ടിയെടുത്ത ബാങ്ക് മാനേജര്‍ റിജിലിനെ പഞ്ചാബ് നാഷണല്‍ ബാങ്ക് സസ്പെന്‍ഡ് ചെയ്‌തിരുന്നു. ആഭ്യന്തര അന്വേഷണവും ബാങ്ക് ആരംഭിച്ചു.
കോര്‍പറേഷന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13 അക്കൗണ്ടുകളാണുള്ളത്. ഇതില്‍ കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം തിരിമറി നടത്തിയത്. റിജില്‍ ഈ ശാഖയില്‍ നേരത്തെ മാനേജരായിരുന്നു. ലിങ്ക് റോഡ് ശാഖയിലെ മാനേജരുടെ പരാതിയിലും പൊലീസ് അന്വേഷണം നടക്കുകയാണ്.