കോട്ടയം: വൈക്കത്തഷ്‌ടമിയുടെ പ്രധാനചടങ്ങായ ഋഷഭ വാഹന എഴുന്നള്ളിപ്പ് നടന്നു. നാലടിയിലധികം ഉയരമുള്ള വെള്ളിയിൽ നിർമിച്ച കാളയുടെ പുറത്ത് ഭഗവാന്‍റെ തങ്ക തിടമ്പ് എഴുന്നള്ളിച്ച് തിരുവാഭരണം, പട്ടുടയാടകൾ, കട്ടിമാലകൾ എന്നിവ കൊണ്ടലങ്കരിച്ച് തണ്ടിലേറ്റി അവകാശികളായ കിഴക്കേടത്ത്, പടിഞ്ഞാറെടത്ത് ഇല്ലത്തെ മൂസതുമാരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിന് അഞ്ചു പ്രദക്ഷിണം പൂർത്തിയാക്കി ചടങ്ങ് സമാപിച്ചു. തന്‍റെ വാഹനമായ ഋഷഭത്തിന്‍റെ പുറത്ത് എഴുന്നള്ളി ഭക്തർക്ക് ദർശനം നൽകുന്നുവെന്നാണ് ചടങ്ങിന്‍റെ വിശ്വാസം.
വൈക്കം ഷാജിയുടെ നാദസ്വരവും ക്ഷേത്ര കലാപീഠത്തിന്‍റെ പരുക്ഷ വാദ്യം, പഞ്ചാരി മേളം, ചെണ്ടമേളം, ഘട്ടിയം എന്നിവയും എഴുന്നള്ളിപ്പിന് അകമ്പടിയായി. ഗജവീരൻമാരും സ്വർണ്ണക്കുടകളും- മുത്തുക്കുടകളും, വെഞ്ചിര - ആലവട്ടവും സായുധ സേനയും എഴുന്നള്ളിപ്പിന് മോടികൂട്ടി. 17നാണ് വൈക്കത്തഷ്‌ടമി.