കോട്ടയം: വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപിന്‍റെ ഭാഗമായി കോട്ടയം നഗരത്തില്‍ ഇരുചക്ര വാഹന റാലി സംഘടിപ്പിച്ചു. കലക്‌ട്രേറ്റ് പരിസരത്ത് ജില്ലാ കലക്‌ടര്‍ എം.അഞ്ജന റാലി ഫ്ളാഗ് ഓഫ് ചെയ്‌തു. വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തുന്ന പരിപാടിയും ക്രമീകരിച്ചു. അന്‍പതിലേറെ ബൈക്കുകളും, സ്‌കൂട്ടറുകളും റാലിയില്‍ പങ്കെടുത്തു. സാക്ഷരതയിലെ തിളക്കമാര്‍ന്ന നേട്ടം വോട്ടിങിലും പ്രതിഫലിപ്പിക്കണമെന്ന ആഹ്വാനമുയര്‍ത്തി നടത്തിയ ഇരുചക്ര വാഹന റാലി നഗരത്തിന് വേറിട്ട കാഴ്ച്ചയായി.
സ്‌ത്രീകളും ഭിന്നശേഷിക്കാരും ട്രാന്‍സ് ജെന്‍ഡറുകളും ഉള്‍പ്പെടെയുള്ളവര്‍ സ്വീപ് ടീ ഷര്‍ട്ടുകളണിഞ്ഞാണ് വാഹനങ്ങളുമായി റാലിയില്‍ അണിനിരന്നത്. നഗരം ചുറ്റിയ റാലി നാഗമ്പടം നെഹ്റു സ്റ്റേഡിയം പരിസരത്ത് സമാപിച്ചു. ബിസിഎം കോളജിലെ നാഷണല്‍ സര്‍വീസ് സ്‌കീം കോ ഓര്‍ഡിനേറ്റര്‍ ഫാ. ബൈജു പ്രതിജ്ഞ ചൊല്ലി. സ്വീപ് നോഡല്‍ ഓഫീസര്‍ പ്രഫ. അശോക് അലക്‌സ് ലൂക്ക്, ടി.യു രാമകൃഷ്‌ണന്‍ എന്നിവര്‍ സംസാരിച്ചു. വോട്ടിംഗ് യന്ത്രത്തില്‍ വോട്ടു ചെയ്യുന്ന വിധം പരിചയപ്പെടുത്തുന്നതിനായി നാഗമ്പടം സ്റ്റേഡിയത്തില്‍ പ്രത്യേക ക്രമീകരണവും ഏര്‍പ്പെടുത്തിയിരുന്നു.