കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി ഉമ്മന്‍ ചാണ്ടിയുടെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് ഒൻപതാം ഓർമ്മ ദിവസം ആചരിച്ചു. ഇന്ന് (ജൂലൈ 26) രാവിലെ ഉമ്മന്‍ ചാണ്ടി അന്ത്യ വിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ കുർബാനയും ഖബറിടത്തില്‍ ധൂപ പ്രാര്‍ഥനയും നടന്നു. കോട്ടയം ഭദ്രാസന അധിപൻ യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങ്.
കുന്നംകുളം ഭദ്രാസ്രാധിപതി ഗീവർഗീസ് മാർ യൂലിയോസ് തിരുമേനിസ പള്ളി വികാരി വർഗീസ് തുടങ്ങി നിരവധി വൈദികർ ചടങ്ങില്‍ പങ്കെടുത്തു. ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മയും മക്കളായ ചാണ്ടി ഉമ്മൻ, മറിയം ഉമ്മൻ, അച്ചു ഉമ്മൻ എന്നിവരും കുർബാനയിലും പ്രാർഥനയിലും പങ്കെടുത്തു. ഒന്‍പതാം ഓര്‍മ്മ ദിനമായ ഇന്ന് ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാൻ നിരവധി ആളുകളാണ് എത്തിയത്.
ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയും: ഉമ്മന്‍ ചാണ്ടിയുടെ മരണത്തില്‍ ദുഃഖാര്‍ദ്രരായ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയും പുതുപ്പള്ളിയിലെത്തി. ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ അടക്കമുള്ളവരെ ബാവ ആശ്വസിപ്പിച്ചു. സഭയിലെ അഞ്ച് മെത്രാപ്പോലീത്തമാർക്കൊപ്പമാണ് ബാവ പുതുപ്പള്ളിയിലെ വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസവും യാക്കോബായ സഭയിലെ അഞ്ച് മെത്രാപ്പോലീത്തമാർ ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഏറെക്കാലമായി വിശ്രമത്തിൽ ആയിരുന്നു തോമസ് പ്രഥമൻ ബാവ.
പ്രമുഖ നേതാക്കള്‍ പുതുപ്പള്ളി വീട്ടിലെത്തി: കേന്ദ്രമന്ത്രി വി. മുരളീധരന്‍, കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്, മലയാള ചലചിത്ര നടന്‍ ജയറാം തുടങ്ങി നിരവധി പ്രമുഖരാണ് ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയത്. കുടുംബത്തെ ആശ്വസിപ്പിച്ച് വലിയ പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ ഖബറിടം സന്ദര്‍ശിച്ചാണ് എല്ലാവരുടെയും മടക്കം.
ഇക്കഴിഞ്ഞ 20നാണ് പുതുപ്പള്ളിയിലെ സെന്‍റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്. വന്‍ ജനാവലിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. സംസ്‌കാര കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും ഖബറിടത്തില്‍ നിന്ന് സന്ദര്‍ശക തിരക്ക് ഒഴിഞ്ഞിട്ടില്ല. പള്ളി വളപ്പിൽ വൈദികരുടെ കല്ലറയുടെ അടുത്താണ് ഉമ്മൻ ചാണ്ടി അന്ത്യ വിശ്രമം കൊള്ളുന്നത്.