കോട്ടയം: ജില്ലയിൽ നിർമാണ പ്രവർത്തനത്തിനിടെ എസ്‌പിസിഎസ് വക ഭൂമിയിൽ അസ്ഥികൂടം കണ്ടെടുത്തു. നാട്ടകം മറിയപ്പള്ളിയിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം വക സ്ഥലത്താണ് മനുഷ്യാസ്ഥികൂടം കണ്ടെത്തിയത്. ലിട്രസി ലൈബ്രറിയുടെ നിർമാണ പ്രവർത്തനങ്ങൾക്കായി കാട് പിടിച്ചു കിടന്നിരുന്ന പ്രദേശം വൃത്തിയാക്കുന്നതിനിടയിലാണ് തൊഴിലാളികൾ അസ്ഥികൂടത്തിന്‍റെ അവശിഷ്ടങ്ങൾ കാണുന്നത്. വിവരം അറിഞ്ഞതോടെ സാഹിത്യ സഹകരണ സംഘത്തിന്‍റെ ചുമതലയുള്ളവർ സ്ഥലത്തെത്തി. പുരുഷന്‍റെ അസ്ഥികൂടമാണെന്നാണ് പ്രാഥമിക വിവരം.
സ്ഥലത്തെ മരത്തിനോട് ചേർന്നാണ് അസ്ഥികൂടാവശിഷ്ടം കിടന്നിരുന്നത്. മരക്കൊമ്പിൽ കൈലിമുണ്ട് കെട്ടിയിട്ടിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് സ്ഥലത്ത് നിന്ന് തൊഴിലാളികൾക്ക് രണ്ട് മൊബൈൽ ഫോണുകളും ലഭിച്ചിരുന്നു. ചിങ്ങവനം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പ്രദേശത്ത് നിന്നും കാണാതായവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രാഥമികമായി നടക്കുന്നത്. ഫോറൻസിക് വിദഗ്‌ധരുടെ പരിശോധനക്ക് ശേഷമാകും അസ്ഥികൂടത്തിന്‍റെ കാലപ്പഴക്കം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തതയുണ്ടാവുക. അതേ സമയം സ്ഥലത്തെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് സാഹിത്യ സഹകരണ സംഘത്തിന്‍റെ തീരുമാനം.