കോട്ടയം: റെയിൽവേ പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായി നടവഴി നഷ്‌ടമായി കൊച്ചാപ്പിള്ളി നമ്പേലി കുന്ന് നിവാസികൾ. കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിനു സമീപം കൊച്ചാപ്പിള്ളി നമ്പേലി കുന്ന് നിവാസികൾക്കാണ് പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായി, വര്‍ഷങ്ങള്‍ക്ക് മുന്‍പ് റെയിൽവേ വഴി അടച്ചതോടെ, അതുവരെ ഉപയോഗിച്ചിരുന്ന വഴി നഷ്‌ടമായത്. വാഹന ഗതാതം സ്‌തംഭിച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് പ്രദേശവാസികൾ.
കാലങ്ങളായി ഉപയോഗിച്ചിരുന്ന വഴി റെയിൽവേ അടക്കുകയും പകരം തുറന്ന് നൽകാമെന്ന് പറഞ്ഞ വഴിയിൽ റെയിൽവേ ഇരുമ്പു കുറ്റി നാട്ടി വഴി അടക്കുകയുമായിരുന്നു. വഴിയിൽ കമ്പി സ്ഥാപിച്ചതോടെ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാതെ വന്നു. വാഹന ഗതാഗതം നിരോധിക്കപ്പെട്ട അവസ്ഥയിലാണ് നിലവിലെ സാഹചര്യം.
വാഹന ഗതാഗതം നിരോധിച്ചതോടെ കുടിവെള്ളത്തിനും നാട്ടുകാർ ഏറെ ബുദ്ധിമുട്ടുകയാണ്. പ്രദേശത്ത് വരൾച്ചയും കനത്തു. കുന്നിൻ മുകളിലുള്ള കുടുംബങ്ങളാണ് കുടിവെള്ള പ്രശ്‌നം മൂലംഏറെ ദുരിതമനുഭവിക്കുന്നത്. മാർച്ച് ആദ്യമാണ് നൽകാമെന്ന പറഞ്ഞിരുന്ന വഴിയിൽ റെയിൽവേ കുറ്റിയടിച്ചത്. ഇപ്പോൾ ഇതു വഴി കാൽ നടയായി പോകാം എന്നതിനപ്പുറം വാഹനങ്ങൾക്ക് കുടിവെള്ളവുമായി കടന്നുവരുവാൻ കഴിയില്ല.
പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായി വർഷങ്ങൾക്ക് മുൻപേ കൊച്ചാപ്പിള്ളി നമ്പേലി കുന്ന് നിവാസികൾ നിരന്തരം ഉപയോഗിച്ചിരുന്ന പാത റെയില്‍വേ ഏറ്റെടുത്തു. പകരമായി പുതിയ വഴി നിര്‍മിച്ച് നല്‍കാമെന്ന് അറിയിച്ചിരുന്നു. എന്നാൽ പാത ഇരട്ടിപ്പിക്കലും കഴിഞ്ഞു, ട്രെയിൻ പുതിയ പാതയിലൂടെ ഓടാന്‍ ആരംഭിച്ചിട്ടും റെയിൽവേ വാഗ്‌ദാനം പാലിച്ചില്ല.
സാമ്പത്തികമായി ഏറെ പിന്നോക്കാവസ്ഥയില്‍ ഉള്ളവരാണ് പ്രദേശത്തെ താമസക്കാരിൽ അധികവും. ഇപ്പോൾ ഏറെ ബുദ്ധിമുട്ടി വളരെ ദൂരത്തു നിന്ന് കുടിവെള്ളം തലച്ചുമടായി കൊണ്ടുവരികയാണ് ഇവർ. ഒരു മുന്നറിയിപ്പുമില്ലാതെ വഴി അടച്ചുകെട്ടിയപ്പോൾ നാട്ടുകാർ എതിർത്തിരുന്നു എങ്കിലും റെയിൽവേ പിൻമാറിയില്ല എന്നാണ് നാട്ടുകാർ പറയുന്നത്. കൊച്ചാപ്പിള്ളി നമ്പേലി കുന്ന് പ്രദേശത്ത് നാല്‍പതോളം കുടുംബങ്ങളാണ് താമസിക്കുന്നത്.
രോഗാവസ്ഥയിലുളള നിരവധി ആളുകളും ഇവിടെ താമസിക്കുന്നുണ്ട്.
റെയിൽവേയുടെ നടപടിയിൽ അത്യാവശ്യ ഘട്ടങ്ങളിൽ ഇവരെ ആശുപത്രിയിൽ എത്തിക്കണമെങ്കിൽ ചുമന്ന് വഴിയിലെത്തിക്കണമെന്ന അവസ്ഥയാണുള്ളത്. വഴി ലഭിക്കാൻ റെയിൽവേ അധികൃതർക്ക് നിവേദനം നൽകിയെങ്കിലും നടപടി ഒന്നും അനുകൂലമായി ഉണ്ടായില്ലയെന്നു വാർഡ് മെമ്പർ രഘു ഇടിവി ഭാരതിനോട് പറഞ്ഞു. 'കൗൺസിൽ പാസാക്കിയ പ്രമേയം ഉൾപ്പെടെ കോട്ടയം റെയിൽവേ ഒഫിസർമാർക്ക് ഇതിനോടകം നൽകിയിട്ടുണ്ട്.
ദിവസവും നൂറ് കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന പാതയാണിത്. ജനജീവിതം ദുസഹമാണ്. പ്രദേശവാസികൾ സാധാരണക്കാരാണ്. അത്രയും ആളുകളുടെ ജീവിത പ്രശ്‌നമാണിത്. അധികൃതർ എത്രയും വേഗം കാര്യങ്ങൾ പരിഹരിക്കണം' -വാർഡ് മെമ്പർ രഘു ആവശ്യപ്പെട്ടു. കുടിവെള്ള പ്രശ്‌നവും ആശുപത്രി കാര്യങ്ങൾക്കുമായി നിലവിലെ പാതയിലെ ഇരുമ്പ് വേലി നീക്കി വാഹനങ്ങൾ കയറി വരാൻ അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.