കോട്ടയം: വൈദ്യുതി മേഖലയില്‍ സൗരോര്‍ജ്ജത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന കൂടുതല്‍ പദ്ധതികള്‍ പരിഗണനയിലുണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം മണി. വൈദ്യുതി ഉപയോക്താക്കളുടെ പരാതികള്‍ക്കും പ്രശ്നങ്ങള്‍ക്കും വേഗത്തില്‍ പരിഹാരം കാണാന്‍ ജനുവരി 11 മുതല്‍ ഫെബ്രുവരി 15 വരെ വൈദ്യുതി ബോര്‍ഡ് ജില്ലകളില്‍ സംഘടിപ്പിക്കുന്ന അദാലത്തുകളുടെ ഭാഗമായി കോട്ടയത്ത് നടന്ന ജില്ലാ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സമ്പൂർണ വൈദ്യുതീകരണമെന്ന പ്രഖ്യാപനത്തിന് ശേഷം വിട്ടുകളയുക എന്നല്ല ആ പദവി നിലനിർത്താനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും നടക്കുന്നതായും മന്ത്രി വ്യക്തമാക്കി. സമ്പൂർണ്ണ വൈദ്യുതീകരണത്തിലെ പ്രശ്നങ്ങൾ പരാതി രഹിതമായി നടപ്പാക്കുക എന്നതാണ് വൈദ്യുതി വകുപ്പിന്റെ ലക്ഷ്യമെന്നും അദേഹം പറഞ്ഞു.
ആറ് കൗണ്ടറുകളിലായി 800ലധികം പരാതികൾ ആണ് കോട്ടയം ജില്ലയിൽ അദാലത്തിനായി എത്തിയത്. വസ്തുവിലൂടെ ലൈന്‍ വലിക്കുന്നത്, മരം മുറിക്കുന്നതിന്‍റെ നഷ്ടപരിഹാരം, ഫോറസ്റ്റ് ക്ലിയറന്‍സ് സര്‍വീസ് കണക്ഷന്‍, ലൈനും പോസ്റ്റും മാറ്റി സ്ഥാപിക്കല്‍, വൈദ്യുതി ബന്ധം വിച്ഛേദിക്കല്‍, കുടിശ്ശിക നിവാരണം, റവന്യൂ റിക്കവറി, വോള്‍ട്ടേജ് ക്ഷാമം, ഉടമസ്ഥാവകാശം മാറ്റല്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ള പരാതികളായിരുന്നു ഭൂരിഭാഗവും.