ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിലെ കുറ്റപത്രം വൈകുന്നതിൽ പ്രതിഷേധമറിയിച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ കോട്ടയം എസ്പിക്ക് പരാതി നൽകി. ബിഷപ്പ് ഫ്രാങ്കോയുടെ സമ്മർദ്ദമാണ് കുറ്റപത്രം വൈകുന്നതിന് പ്രധാന കാരണമെന്നാണ് കന്യാസ്ത്രീകൾ ചൂണ്ടിക്കാട്ടുന്നത്. സാക്ഷികൾക്ക് മേൽ സമ്മർദ്ദം കൂടുകയാണെന്ന് സിസ്റ്റർ അനുപമ പറയുന്നു.
കോട്ടയം എസ്പിക്ക് കന്യാസ്ത്രീ നൽകിയ പീഡന പരാതിയിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ 21 നാണ് ഫ്രാങ്കോ മുളക്കൽ അറസ്റ്റിലാകുന്നത്. 25 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഫ്രാങ്കോയ്ക്ക് ജാമ്യം ലഭിച്ചു. മാസങ്ങൾ പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിൽ അതൃപ്തി അറിയിച്ചു കൊണ്ടാണ് കന്യാസ്ത്രീകൾ കോട്ടയം എസ്പിയെ കണ്ട് രേഖാമൂലം പരാതി നൽകിയത്.
തങ്ങൾ വീണ്ടും തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥ ഉണ്ടാകരുതെന്ന അപേക്ഷ മാത്രമാണ് ഉള്ളതെന്നും സിസ്റ്റർ അനുപമ പറഞ്ഞു. എന്നാൽ കുറ്റപത്രം ഡിജിപിക്ക് സമർപ്പിച്ചിരിക്കുകയാണെന്നും, പരിശോധനയ്ക്കു ശേഷം തിരുത്തലുകൾ ഇല്ലെങ്കിൽ ഉടൻതന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്നും പൊലീസ് വിശദീകരണം നൽകി.