കോട്ടയം: വ്യാജ വാട്‌സ്‌ആപ്പ് കേസിൽ ഷോൺ ജോർജിന്‍റെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യൽ അവസാനിച്ചു. മൂന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഷോൺ ജോർജ് മടങ്ങി. കോട്ടയം ക്രൈം ബ്രാഞ്ച് ഓഫിസിൽ അന്വേഷണ ഉദ്യോഗസ്ഥനായ അമ്മിണിക്കുട്ടന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഷോൺ ജോർജിനെ ചോദ്യം ചെയ്‌തത്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ എതിർക്കുന്നവരുടെ പേരിൽ വ്യാജ വാട്‌സ്‌ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസിലാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിൽ ഷോൺ മുൻ നിലപാടിലുറച്ച് നിന്നു. തനിക്ക് കിട്ടിയ വാട്‌സ്‌ആപ്പ് സന്ദേശം ദിലീപിന്‍റെ സഹോദരന് ഫോർവേർഡ് ചെയ്‌തു കൊടുക്കുകയായിരുന്നുവെന്നും വാട്‌സ്‌ആപ്പ് സന്ദേശം ആരാണ് തനിക്ക് അയച്ചതെന്ന് ഓർക്കുന്നില്ലെന്നുമാണ് ഷോൺ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്.
ദിലീപിനെ പൂട്ടണം എന്ന പേരിൽ വ്യാജ വാട്‌സ്‌ആപ്പ് ഉണ്ടാക്കിയത് ഷോൺ ജോർജ് ആണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കേസിൽ ഷോണിനെ ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. പുതിയ മൊഴിയിലെ വിവരങ്ങൾ പരിശോധിക്കുമെന്നും വാട്‌സ്‌ആപ്പ് സന്ദേശങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.