കോട്ടയം: തെരുവ് നായ്ക്കളുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയെന്ന് നാഴികക്ക് നാൽപതു വട്ടം പറയുന്നവരാണ് നമ്മളിലധികവും. കോട്ടയം കോടിമതയിലിലെ അമ്മിണിയെന്ന 70കാരിയായ അമ്മക്ക് പക്ഷേ നായ്ക്കളാണ് ലോകം. തെരുവിൽ അലഞ്ഞു തിരിഞ്ഞ് നടന്നിരുന്ന 40ൽ അധികം ശ്വാനന്മാർക്കാണ് അമ്മിണിയമ്മ അഭയകേന്ദ്രമൊരുക്കുന്നത്. അമ്മിണിയമ്മക്കൊപ്പമുള്ള നായ്ക്കളിൽ അധികവും റോഡ് അപകടങ്ങളിൽ പരുക്കേറ്റവയും ഉപേക്ഷിക്കപ്പെട്ടവയുമാണ്.
12 വർഷമായി അമ്മിണിയമ്മയുടെ നായ സ്നേഹം ആരംഭിച്ചിട്ട്. കോർപറേഷൻ നായ്‌ക്കളെ കൊലപ്പെടുത്തുന്നത് കണ്ടത് മുതലാണ് നായ്‌ക്കളോടുള്ള സ്‌നേഹവും സംരക്ഷണവും ആരംഭിച്ചതെന്ന് അമ്മിണിയമ്മ പറയുന്നു. താൻ വളർത്തിയ നായയെയും കോർപറേഷൻ അധികൃതർ കൊലപ്പെടുത്തിയെന്ന് അമ്മിണിയമ്മ പറഞ്ഞു. എം.സി റോഡിനോട് ചേർന്നുള്ള ഇവരുടെ താമസസ്ഥലത്ത് നായ്ക്കളെ ഉപക്ഷിച്ച് പോകുന്നവർ ഏറെയാണ്. തന്നോടൊപ്പമുള്ള ശ്വാനന്മാരിൽ പരുക്ക് പറ്റിയെത്തുന്നവർക്കും അസുഖ ബാധിതർക്കുമെല്ലാം ചികിത്സകളും മരുന്നുമെല്ലാം ഒരുക്കുന്നതിൽ അമ്മിണിയമ്മക്ക് പ്രത്യേക ശ്രദ്ധയുണ്ട്. സഹായത്തിനായി മകളും ഒപ്പം കൂടും. നായ്‌ക്കൾക്കാവശ്യമായ ഭക്ഷണമൊരുക്കുന്നതും അമ്മയുടെ സ്വന്തം ചിലവിൽ തന്നെയാണ്. റോഡ് പുറംപോക്കിൽ പ്രദേശവാസിയായ വ്യവസായി നിർമിച്ച് നൽകിയ ചെറുവീട്ടിലാണ് അമ്മിണിയമ്മയുടെയും മകളുടെയും താമസം. സമീപത്തെ പെട്രോൾ പമ്പിലെ ജോലിക്കാരിയായ മകളുടെ വരുമാനത്തിൽ ദിവസങ്ങൾ തള്ളി നീക്കുന്ന അമ്മിണിയമ്മക്ക്, തന്‍റെ ശ്വാനക കൂട്ടത്തിനൊപ്പം സുരക്ഷിതമായി താമസിക്കാൻ കഴിയുന്ന ഒരു വീട് എന്നതാണ് സ്വപ്‌നം.