കോട്ടയം: ബൈക്ക് യാത്രക്കാരെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതി പിടിയിൽ. തൃക്കൊടിത്താനം സ്വദേശി മണിക്കുട്ടൻ എന്ന അനന്തു( 21) ആണ് തിരുവല്ല പൊലീസിൻ്റെ പിടിയിലായത്. കേസിൽ പ്രതികളായ രണ്ടു പേർ മുൻപ് പിടിയിലായിരുന്നു. അറസ്റ്റിലായ അനന്തു പെരുമ്പട്ടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത പോക്സോ കേസിലും പ്രതിയാണ്.
കുറ്റൂർ ജങ്ഷന് സമീപം കഴിഞ്ഞ മാസം എട്ടാം തിയതി രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ബൈക്ക് യാത്രികരായിരുന്ന തുകലശേരി സ്വദേശികളായ രാഹുൽ, ദീപു മോഹൻ എന്നിവരെ ആക്രമിച്ച് പണമടങ്ങുന്ന പഴ്‌സും മൊബൈൽ ഫോണും കവരുകയായിരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ സി.ഐ പി.എസ് വിനോദ്, എസ്.ഐ മാരായ എ.അനീസ്, ആദർശ് , എ.എസ്.ഐ കെ.എൻ അനിൽ, സി.പി.ഒ മാരായ എം.എസ് മനോജ് കുമാർ , വി.എസ് വിഷ്‌ണു ദേവ് , രഞ്ജിത് രമണൻ എന്നിവർ ചേർന്നാണ് പിടികൂടിയത്.