കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനിയര്‍ വിജിലന്‍സ് പിടിയില്‍. എഎം ഹാരിസാണ് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്‍റെ പിടിയിലായത്. പാലായ്ക്കടുത്ത് പ്രവിത്താനം എന്ന സ്ഥലത്ത് ടയര്‍ റീ ട്രേഡിംഗ് സ്ഥാപനയുടമ ജോബിന്‍ സെബാസ്റ്റ്യനില്‍ നിന്നാണ് കൈകൂലി വാങ്ങിയത്.
ജോബിന്‍ സെബാസ്റ്റ്യന്‍റെ ടയർ കമ്പനിക്കെതിരെ ജോബിന്‍റെ അയല്‍വാസിയാണ് ശബ്ദ മലിനീകരണം ആരോപിച്ച് മലിനീകരണ നിയന്ത്രണ ബോർഡിൽ പരാതി നൽകിയത്. റീ ട്രെഡിംഗ് മെഷീന്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം അസഹനീയമാണെന്നതായിരുന്നു പരാതി.
പരിശോധന നടത്തി ശബ്ദമലിനീകരണമില്ലെന്നു ഉദ്യോഗസ്ഥർ മേലധികാരികൾക്ക് റിപ്പോർട്ട് നൽകി. എന്നാൽ ലൈസൻസ് പുതുക്കി നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടു. സ്ഥാപനയുടമയായ ജോബിന്‍ സെബാസ്റ്റ്യന്‍ വിജിലന്‍സ് കിഴക്കന്‍ മേഖല പൊലീസ് സൂപ്രണ്ട് വിജി വിനോദ് കുമാറിനെ കണ്ട് പരാതി നല്‍കുകയായിരിന്നു.
തുടര്‍ന്ന് അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം കോട്ടയം യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ.എ വിദ്യാധരന്‍റെ നേതൃത്വത്തില്‍ തന്ത്രപരമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസില്‍വച്ച് ഹാരിസിനെ പിടികൂടുകയായിരുന്നു.