കോട്ടയം : ജനനായകൻ വിട ചൊല്ലിയിട്ടും ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളിൽ നിറഞ്ഞ് പുതുപ്പള്ളി. തങ്ങളുടെ പ്രിയ നേതാവിന് കേരളം ഒരുമിച്ച് യാത്രാമൊഴി നൽകിയിട്ടും പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാൻ നൂറുകണക്കിനാളുകളാണ് ഇന്നും ഒഴുകിയെത്തിയത്.
പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ കഴിയാത്തവരാണ് ഇന്ന് രാവിലെ മുതൽ കബറിടത്തിലെത്തി അദ്ദേഹത്തിന്‍റെ ആത്മ ശാന്തിക്കായി പ്രാർഥിച്ചത്. രാവിലെ മുതൽ തന്നെ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ വലിയ ജനക്കൂട്ടമായിരുന്നു പുതുപ്പള്ളി പള്ളിയിൽ തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന്‍റെ കബറിടത്തിലേക്ക് എത്തിയത്.
ഉമ്മൻ ചാണ്ടിയുടെ മകൾ മറിയം ഉമ്മനും പിന്നാലെ മകൻ ചാണ്ടി ഉമ്മനും കബറിടത്തിലെത്തി പ്രാർഥിച്ചു. തന്‍റെ പിതാവിനോട് കേരളം കാട്ടിയ സ്നേഹത്തിന് നന്ദി അറിയിക്കുന്നതായി ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടി എന്ന ജനനായകൻ കേരളത്തിലെ ജനങ്ങളുടെ മനസിൽ ഒരിക്കലും മായാത്ത ഓർമ്മയായി നിലനിൽക്കും എന്നതിന് ഏറ്റവും വലിയ തെളിവ് കൂടിയാണ് ഇവിടെയെത്തുന്ന ഈ ജനക്കൂട്ടം.
ജന നായകന് വിട : വ്യാഴാഴ്‌ച രാത്രി 12.30 ഓടെയാണ് ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായത്. തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ ജനങ്ങൾ ഒഴുകിയെത്തിയതോടെ നേരത്തെ തീരുമാനിച്ചതിലും മണിക്കൂറുകൾ വൈകിയാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്.
ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്‌ജലി അർപ്പിക്കാൻ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രമുഖർ എത്തിയിരുന്നു. ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന കുടുംബത്തിന്‍റെ തീരുമാനത്തിനനുസരിച്ചാണ് സംസ്‌കാര ചടങ്ങുകൾ നടത്തിയത്. തൊണ്ടയിടറുന്ന മുദ്രാവാക്യം വിളികളും വിലാപ ഗാനങ്ങളും നിറഞ്ഞുനിൽക്കുന്നതായിരുന്നു സംസ്‌കാര ചടങ്ങുകൾ.
ഒഴുകിയെത്തി ജന സാഗരം : ബുധനാഴ്‌ച രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിലാപയാത്ര വ്യാഴാഴ്‌ച വൈകിട്ടോടെയാണ് പുതുപ്പള്ളിയിൽ എത്തിച്ചേർന്നത്. കനത്ത മഴയെപ്പോലും വകവയ്‌ക്കാതെ വഴിയിലുടനീളം തങ്ങളുടെ പ്രിയ നേതാവിന് അന്തിമോപചാരമർപ്പിക്കാനെത്തിയത് ഇതുവരെ കേരളം കണ്ടിട്ടില്ലാത്ത ജനസാഗരമായിരുന്നു.
വ്യാഴാഴ്‌ച ഉച്ച കഴിഞ്ഞാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയം തിരുനക്കര മൈതാനിയില്‍ നിന്ന് പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടത്. തുടർന്ന് പുതുപ്പള്ളിയിലെത്തി തറവാട്ട് വീട്ടില്‍ മൃതദേഹം പൊതുദർശനത്തിന് വച്ചു. ഇവിടെയും കോൺഗ്രസ് നേതാക്കൻമാരും നാട്ടുകാരും ബന്ധുക്കളും അടക്കം പതിനായിരങ്ങൾ ഒഴുകിയെത്തി.
രാത്രി എട്ട് മണിക്ക് ശേഷമാണ് പുതുപ്പള്ളി സെന്‍റ് സോർജ് ഓൽത്തഡോക്‌സ് വലിയ പള്ളിയിലേക്ക് ഭൗതിക ശരീരം കൊണ്ടുപോയത്. ഒൻപത് മണിയോടെ സംസ്‌കാര ശുശ്രൂഷ ആരംഭിച്ചു. പ്രത്യേകമായി തയ്യാറാക്കിയ കല്ലറയിലായിരുന്നു ഉമ്മൻ ചാണ്ടിക്ക് അന്ത്യ വിശ്രമമൊരുക്കിയത്. പള്ളിയിലും മൃതദേഹം മണിക്കൂറുകളോളം പൊതു ദർശനത്തിന് വച്ചിരുന്നു.
പള്ളിയില്‍ ശുശ്രൂഷകൾക്ക് ഓർത്തഡോക്‌സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാതോമ മാത്യൂസ് തൃതിയൻ കാലോലിക്ക ബാവ മുഖ്യകാർമികത്വം വഹിച്ചു. 20 മെത്രപൊലീത്തമാർ സഹകാർമികരായി. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, പി. പ്രസാദ്, സജി ചെറിയാൻ, വി.എൻ വാസവൻ, കെ.എൻ ബാലഗോപാൽ എന്നിവർ ചേർന്ന് സംസ്ഥാന സർക്കാരിന് വേണ്ടി പുതുപ്പള്ളി പള്ളിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.