കോട്ടയം: ഉമ്മന്‍ചാണ്ടി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ നയിക്കണമെന്നാണ് ആഗ്രഹമെന്ന് പിസി ജോർജ് എംഎല്‍എ. ചെന്നിത്തല കോണ്‍ഗ്രസിലെ മികച്ച നേതാവാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരായ സമരം നയിക്കാന്‍ ഉമ്മന്‍ചാണ്ടി മുന്‍ നിരയിലുണ്ടാവണമെന്നാണ് തന്‍റെ അഭിപ്രായം. ഉമ്മന്‍ ചാണ്ടിയുമായി തനിക്ക് യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. ജനപക്ഷത്തിന്‍റെ യുഡിഎഫ് പ്രവേശം സംബന്ധിച്ച ചര്‍ച്ചകള്‍ 11ന് നടത്തും. ധാര്‍മികത എന്ന് പറയാന്‍ ജോസ് കെ മാണിക്ക് അര്‍ഹത ഇല്ല. സ്വന്തം സ്ഥാനം ഉറപ്പിക്കാന്നുള്ള നീക്കമാണ് ഇപ്പോള്‍ ജോസ് നടത്തുന്നത്. ധാര്‍മികതക്ക് വിരുദ്ധമാണിത്. മാണി സി കാപ്പന്‍ അൽപം കൂടി കാത്തിരിക്കണം എന്നാണ് തന്‍റെ അഭിപ്രായം. എല്‍ഡിഎഫ് കാപ്പനോട് നീതി ചെയ്യണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു.
അതോടൊപ്പം ഈരാറ്റുപേട്ടയിലെ മുസ്ലിം സമുദായത്തിനെതിരെ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോര്‍ജ് എംഎല്‍എ വീണ്ടും മാപ്പ് ചോദിച്ചു. പരാമർശം പെട്ടെന്നുണ്ടായ വികാര പ്രകടനമായിരുന്നുവെന്നും മുതിര്‍ന്ന പൊതു പ്രവര്‍ത്തകനായ താന്‍ അത്തരത്തിലൊരു പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നുവെന്നും പിസി ജോര്‍ജ് കോട്ടയത്ത് പറഞ്ഞു. തീവ്രവാദികൾക്ക് ഓശാന പാടുന്ന മുസ്ലിം സമുദായത്തിന്‍റെ വോട്ട് വേണ്ട എന്നായിരുന്നു പിസി ജോർജിന്‍റെ വിവാദ പരാമർശം.
തന്‍റെ വാക്കുകള്‍ മുസ്ലിം സമുദായത്തെ വേദനിപ്പിച്ചതായി മനസിലാക്കുന്നുവെന്നും പരസ്യമായി മാപ്പു പറയുന്നുവെന്നും ജോര്‍ജ് പറഞ്ഞു. ആരെയും വേദനിപ്പിച്ച് രാഷ്ട്രീയ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനാവില്ല. അത് ഈരാറ്റുപേട്ടയില്‍ മാത്രമുണ്ടായ പ്രശ്‌നമാണ്. എന്നാല്‍ ഖേദം പ്രകടിപ്പിക്കുകയല്ല, പരസ്യമായി മാപ്പു ചോദിക്കുകയാണ് ചെയ്യുന്നതെന്നും ജോര്‍ജ് പറഞ്ഞു. മുസല്‍മാന്‍മാര്‍ വേഗം പൊരുത്തപ്പെടുന്നവരാണ്. ഈരാറ്റുപേട്ടയിലെ മുസല്‍മാന്‍മാര്‍ തന്നോട് പൊരുത്തപ്പെട്ടതാണെന്നും അതിനാല്‍ നിലവില്‍ പ്രശ്‌നമില്ലെന്നും പിസി ജോർജ് വ്യക്തമാക്കി.