കോട്ടയം : റോഡുനിർമാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗത്തിന്‍റെ ശയനപ്രദക്ഷിണം. നീണ്ടൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ ചെറുമുട്ടം - പന്നക്കൽ റോഡിന്‍റെ പണി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചാം വാർഡ് മെമ്പർ സൗമ്യ വിനീഷാണ് റോഡിൽ ശയനപ്രദക്ഷിണ സമരം നടത്തിയത്. കോൺഗ്രസ് അംഗമാണ് സൗമ്യ.
മുൻ എംഎൽഎ സുരേഷ് കുറുപ്പ് 2019 ൽ ഈ റോഡ് നിർമാണത്തിനായി 12 ലക്ഷം രൂപ അനുവദിച്ചിരുന്നു. 2020ൽ ടെൻഡർ നടത്തി കോൺട്രാക്‌ടര്‍ എഗ്രിമെന്‍റ് വച്ചെങ്കിലും പണികൾ തുടങ്ങിയില്ല. പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ നാട്ടുകാർ നടത്തിയ നിരന്തര സമ്മർദത്തെത്തുടർന്ന് ഈ വർഷമാദ്യം റോഡിൽ മെറ്റൽ നിരത്തിയെങ്കിലും വീണ്ടും പണികൾ മുടങ്ങുകയായിരുന്നു.
ഇതേത്തുടർന്ന് മെറ്റൽ ഇളകി കാൽനടയാത്രക്കാർക്കുപോലും നടക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ബന്ധപ്പെട്ട അധികാരികളുമായും, കോൺട്രാക്‌ടറുമായും പണികൾ പൂർത്തീകരിക്കുന്നത് സംബന്ധിച്ച് നിരവധി ചർച്ചകൾ നടത്തിയെങ്കിലും പണികൾ ആരംഭിച്ചില്ല. ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥർ കോൺട്രാക്‌ടര്‍ക്ക് അനുകൂലമായി നിലപാടെടുക്കുന്നതിൽ പ്രതിഷേധിച്ചാണ് ശയനപ്രദക്ഷിണ സമരം നടത്തിയത്.
കോൺഗ്രസ് നീണ്ടൂർ മണ്ഡലം പ്രസിഡന്‍റ് സിനു ജോണ്‍ അധ്യക്ഷയായിരുന്നു. ഡിസിസി ജനറൽ സെക്രട്ടറി എം മുരളി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സബിത ജോമോൻ ,കെജി അനിൽകുമാർ, കെആര്‍ ഷാജി കുഴിപ്പറമ്പിൽ, ജോയി വഞ്ചിയിൽ അരുൺ ജോൺ പെരുമാപ്പാടം എന്നിവർ സംസാരിച്ചു.