കോട്ടയം : പാലാ ഭരണങ്ങാനത്ത് ഒഴുക്കിൽപ്പെട്ട് മരിച്ച ഹെലൻ അലക്‌സിന്‍റെ മൃതദേഹം ഭരണങ്ങാനം സേക്രഡ് ഹാർട്ട് ഗേൾസ് സ്‌കൂളിൽ പൊതുദർശനത്തിന് വച്ചു. വിടപറഞ്ഞ കൂട്ടുകാരിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സഹപാഠികളും അധ്യാപകരും നാട്ടുകാരും സ്‌കൂൾ അങ്കണം കണ്ണീർക്കടലാക്കി.
ഭരണങ്ങാനം സേക്രഡ് ഹാർട്ട് ഗേൾസ് സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ഹെലൻ. ഇന്ന് രാവിലെയാണ് ഹെലൻ അലക്‌സിന്‍റെ മൃതദേഹം പൊതുദർശനത്തിനായി സ്‌കൂളിലെത്തിച്ചത്. ഹെലനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയവർ ജീവനറ്റ ശരീരം കണ്ട് വികാരനിർഭരരായി.
മൃതശരീരം കണ്ട് കരിച്ചിലടക്കാൻ സഹപാഠികൾ പാടുപെട്ടു. കണ്ണീരോടെയാണ് സ്‌കൂൾ ഹെലന് വിട ചൊല്ലിയത്. കഴിഞ്ഞ ബുധനാഴ്‌ച (നവംബർ 22) വൈകുന്നേരമാണ് ഒഴുക്കിൽ പെട്ട് ഹെലനെ കാണാതാവുന്നത്. കൂട്ടുകാരികൾക്കൊപ്പം സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മലവെള്ളപ്പാച്ചിലിൽ പെട്ട് ഹെലനെ കാണാതായത്.
അപകട സ്ഥലത്ത് നിന്നും 25 കിലോ മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്‌ച ഉണ്ടായ കനത്ത മഴയ്‌ക്ക് പിന്നാലെയാണ് ഹെലൻ ഇടപ്പാടി അയ്യമ്പാറ കുന്നേമുറി തോട്ടിൽ വീണത്. ഈരാറ്റുപേട്ടയിൽ നിന്നും പാലായിൽ നിന്നുമുള്ള ഫയർഫോഴ്‌സ് സംഘത്തോടൊപ്പം ഈരാറ്റുപേട്ടയിലെ നന്മ കൂട്ടവും തെരച്ചിലിൽ പങ്കാളികളായിരുന്നു.
തുടർന്ന് മണിക്കൂറുകളോളം നീണ്ട തെരച്ചിലിന് ഒടുവിൽ ഇന്നലെ വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. ഏറ്റുമാനൂരിന് സമീപം മീനച്ചിലാർ വേണാട്ടുമാലി കടവിൽ അടിഞ്ഞ നിലയിലാണ് ഹെലന്‍റെ മൃതദേഹം കണ്ടെത്തിയത്. ഭരണങ്ങാനം സെന്‍റ് മേരീസ് പള്ളിയിൽ വച്ചാണ് ഹെലന്‍റെ സംസ്‌കാര ശുശ്രൂഷകൾ നടന്നത്.
Also read: ഭരണങ്ങാനത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി