കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി ജോസ് ടോം പുലിക്കുന്നേല്‍ മത്സരിക്കും. ജോസ് ടോം പുലിക്കുന്നേലിന്‍റെ പേര് തോമസ് ചാഴികാടൻ അധ്യക്ഷനായ ഏഴംഗ സമിതിയാണ് നിർദ്ദേശിച്ചത്. കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറിയാണ് ജോസ് ടോം. മീനച്ചില്‍ പഞ്ചായത്ത് അംഗമായും മീനച്ചില്‍ സഹകരണ ബാങ്ക് പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്.
ജോസ് ടോമിനെ സ്ഥാനാർഥിയായി അംഗീകരിക്കില്ലെന്ന് പിജെ ജോസഫ് ആദ്യം വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളെ കണ്ട് യുഡിഎഫ് യോഗ തീരുമാനം അറിയിച്ചതോടെ ജോസഫ് നിലപാട് മാറ്റി. യുഡിഎഫ് സ്ഥാനാർഥിയെ അംഗീകരിക്കുമെന്ന് പിജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാർഥി നിർണയത്തിനും കേരളാ കോൺഗ്രസ് തർക്കപരിഹാരത്തിനുമായി ചേർന്ന യുഡിഎഫ് യോഗത്തിലാണ് അന്തിമ തീരുമാനമായത്. നേരത്തെ നിഷാ ജോസ് കെ മാണിയെ സ്ഥാനാർഥിയായി പ്രഖ്യാപിക്കാനുള്ള ജോസ് കെ മാണി പക്ഷത്തിന്‍റെ ശ്രമം പരാജയപ്പെട്ടിരുന്നു.
ജോസഫ് വിഭാഗം ഇതിനെ ശക്തമായി എതിർത്തതോടെയാണ് നിഷയ്ക്ക് പകരക്കാരനെ കണ്ടെത്താൻ യുഡിഎഫില്‍ ചർച്ച സജീവമായത്. യുഡിഎഫ് യോഗത്തിനെത്തിയ പി ജെ ജോസഫ് പാലായിൽ നിഷക്ക് വിജയസാധ്യതയില്ലെന്ന് മാധ്യപ്രവര്‍ത്തകരോട് പ്രതികരിച്ചു. ഇതോടെ മാണി കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കില്ലെന്ന് ജോസ് കെ മാണിയും പരസ്യമായി നിലപാട് വ്യക്തമക്കി.
ചർച്ചകൾക്ക് ശേഷം തീരുമാനമുണ്ടാകുമെന്നും കേരളാ കോൺഗ്രസിലെ അനിശ്ചിതത്വങ്ങൾക്ക് വിരാമമാകും എന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചിരുന്നു. ചർച്ചകൾക്ക് മുമ്പ് പ്രതികരണങ്ങൾക്കില്ലെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ നിലപാട്. പിജെ ജോസഫ് നിലപാടില്‍ വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ രണ്ടില ചിഹ്നം ഉപേക്ഷിച്ച് മറ്റേതെങ്കിലും ചിഹ്നത്തില്‍ മത്സരിക്കുമെന്ന് ജോസ് കെ മാണി യോഗത്തില്‍ പറഞ്ഞതായി സൂചനകളുണ്ടായിരുന്നു.