പള്ളിത്തര്‍ക്കക്കേസുകളില്‍ കോടതി വിധി മാനിച്ച് ഇരുകൂട്ടർക്കും സ്വീകാര്യമായ സമവായമാണ് ഉണ്ടാകേണ്ടതെന്ന സർക്കാർ നിലപാട് സ്വാഗതാർഹമെന്ന് ഓർത്തഡോക്സ് സഭ. കേസിലിരിക്കുന്ന പള്ളികൾ ഹിത പരിശോധന നടത്തി വിഭജിക്കണമെന്ന യാക്കോബായ വിഭാഗത്തിന്‍റെ നിലപാട് നിർഭാഗ്യകരമാണെന്നും ഓർത്തഡോക്സ് സഭ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. സുപ്രീം കോടതി കണ്ടെത്തിയ 1064 പള്ളികളിൽ കുറേയെണ്ണം യാക്കോബായ വിഭാഗത്തിന് എന്ന വാദം അനുചിതമാണ്.
പൂർണമായും ഓർത്തഡോക്സ് സഭാ ചട്ടപ്രകാരം നയിക്കണമെന്ന് സുപ്രീംകോടതി കണ്ടെത്തിയ പള്ളികളിൽ വീണ്ടും തർക്കം ഉയർത്തിക്കൊണ്ട് വരുന്നത് എന്തിനെന്ന് വ്യക്തമല്ല. കോടതിവിധിയുടെ അടിസ്ഥാനത്തിൽ ശാശ്വതമായ സമാധാനവും ഐക്യവുമാണ് ഓർത്തഡോക്സ് സഭ ലക്ഷ്യം വയ്ക്കുന്നതെന്നും സഭാ വക്താവ് ഫാ ഡോ ജോണ്‍സ് എബ്രഹാം കോനാട്ട് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.