കോട്ടയം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്‌ച നടത്തി. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥി സംഗമത്തില്‍ പങ്കെടുക്കാന്‍ പാലായിലെത്തിയതായിരുന്നു അദ്ദേഹം. രാവിലെ പത്തരയോടെയാണ് ചെന്നിത്തല ബിഷപ് ഹൗസിലെത്തിയത്. പിന്നീട് കൊട്ടാരമുറ്റത്ത് നടന്ന സമ്മേളനത്തില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചതായും വിവരങ്ങള്‍ ധരിപ്പിച്ചതായും ചെന്നിത്തല പ്രതികരിച്ചു. അതേസമയം പുതിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ രൂപതയുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ഭൂരിഭാഗത്തിലും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് ശക്തമായ വേരുകളുള്ളതിനാല്‍ ഈ സന്ദര്‍ശനത്തിന് പ്രത്യേകതകളേറെയാണ്.
സഭയോടൊപ്പം എന്നും ഒത്തുനിന്നവരാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം. കെഎം മാണിയും രൂപതാ മേധാവികളും അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. പൊതുവേ കേരള കോണ്‍ഗ്രസിന് അനുകൂലമായ നിലപാടുകളാണ് സഭാ നേതൃത്വത്തിനുണ്ടായിരുന്നത്. എല്‍ഡിഎഫിലേയ്ക്ക് പോയതോടെ സഭയുടെ പിന്തുണ എത്രമാത്രം ജോസ് കെ മാണിയ്ക്ക് ലഭിക്കുമെന്നത് വ്യക്തമല്ല. സംസ്ഥാനതലത്തില്‍ തന്നെ യുഡിഎഫ് അനുകൂല നിലപാടുകളാണ് ക്രൈസ്‌തവ സഭാ നേതൃത്വം സ്വീകരിച്ചിട്ടുള്ളത്. ജോസ് കെ മാണി എല്‍ഡിഎഫിലേയ്ക്ക് പോയ സാഹചര്യത്തില്‍ യുഡിഎഫിന് പിന്തുണ അഭ്യര്‍ഥിച്ചാണ് ചെന്നിത്തല ബിഷപ് ഹൗസിലെത്തിയതെന്നാണ് സൂചന.