കോട്ടയം : വിചാരണ തടവിൽ കഴിയുന്നതിനിടെ ജില്ല ജയിലിൽ നിന്നും ചാടിരക്ഷപ്പെട്ട പ്രതി പിടിയിൽ. കീഴുക്കുന്ന് സ്വദേശി ഷാന്‍ ബാബുവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ തള്ളിയ കേസിലെ അഞ്ചാം പ്രതിയായ ബിനുമോനാണ് ജയിൽ ചാടിയത്. ശനിയാഴ്‌ച (09.07.2022) പുലർച്ചെ അഞ്ചരയോടെയാണ് പ്രതി കോട്ടയം ജില്ല ജയിലിൽ നിന്നും കടന്നുകളഞ്ഞത്.
ഉച്ചയോടെ ഇയാൾ കോട്ടയം മീനടത്തെ സ്വന്തം വീടിന് സമീപം ഉണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് ഇന്നലെ (09.07.2022) വൈകിട്ട് എട്ടരയോടെ മീനടം മുണ്ടിനായിക്കൽ ഭാഗത്തുനിന്നും പൊലീസും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ യു. ശ്രീജിത്തിന്‍റേയും, പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ആർ പ്രശാന്ത്കുമാറിന്‍റെയും നേതൃത്വത്തിലായിരുന്നു പ്രതിക്കായുള്ള തിരച്ചിൽ.
പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ജില്ല ജയിലിൽ ഹാജരാക്കും. ശനിയാഴ്‌ച പുലര്‍ച്ചെ ജയിലിനുള്ളിലെ അടുക്കള വഴിയാണ് ഇയാൾ പുറത്ത് ചാടിയതെന്നാണ് വിവരം. കൊലപാതക കേസിൽ മുഖ്യപ്രതി ജോമോനൊപ്പം കൂട്ടുപ്രതിയാണ് ബിനുമോൻ. മീനടം സ്വദേശിയായ ബിനുമോന്‍റെ ഓട്ടോയിലാണ് ഷാനിനെ പ്രതികള്‍ തട്ടിക്കൊണ്ട് പോയത്. ഈ വര്‍ഷം ജനുവരി 17നായിരുന്നു കേസിനാസ്‌പദമായ സംഭവം.
Also read: യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ട പ്രതി ജയിൽ ചാടി
സംഭവത്തില്‍ ഗുണ്ട ലിസ്റ്റിലുള്ള ജോമോനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. താൻ ഒറ്റയ്‌ക്കാണ് കൊലപാതകം നടത്തിയതെന്നായിരുന്നു കേസിലെ ഒന്നാം പ്രതിയായ ജോമോൻ മൊഴി നല്‍കിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നിൽ കൂടുതൽ ആളുകളുണ്ടെന്ന് കണ്ടെത്തിയത്. ഷാൻ ബാബുവിന് ക്രൂര മർദനം നേരിട്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടില്‍ വ്യക്തമായിരുന്നു.