കോട്ടയം: സർക്കാർ പരിപാടി വിശദീകരിക്കാൻ മന്ത്രി വിഎൻ വാസവന്‍ സിപിഎം ഓഫിസിൽ വാർത്ത സമ്മേളനം വിളിച്ചത് വിവാദത്തിൽ. കഴിഞ്ഞ ദിവസമാണ് ഏറ്റുമാനൂർ മണ്ഡലത്തിലെ വികസന പരിപാടികളെ കുറിച്ച് വിശദീകരിക്കാൻ ഏറ്റുമാനൂർ സിപിഎം ഓഫിസിൽ മന്ത്രി വാസവൻ വാർത്ത സമ്മേളനം വിളിച്ചത്.
എംഎൽഎ ഓഫിസിലോ പ്രസ് ക്ലബ്ബിലോ വച്ച് നടത്തേണ്ട വാർത്ത സമ്മേളനമാണ് പതിവ് തെറ്റിച്ച് സിപിഎം ഓഫിസിൽ വച്ച് നടത്തിയത്. എന്നാൽ സ്ഥലപരിമിതി മൂലമാണ് വാർത്ത സമ്മേളനം സിപിഎം ഓഫിസിൽ വച്ച് നടത്തിയതെന്നാണ് മന്ത്രി വിഎൻ വാസവന്‍റെ വിശദീകരണം. വികസനത്തിൽ രാഷ്‌ട്രീയമില്ല, എല്ലാവരെയും ഉൾക്കൊള്ളിച്ച് വികസനം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മന്ത്രിയ്‌ക്കൊപ്പം കോൺഗ്രസ് പ്രതിനിധിയായ ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ് വാർത്ത സമ്മേളനത്തിൽ പങ്കെടുത്തതും വിവാദമായിട്ടുണ്ട്. സംഭവത്തിൽ ലൗലി ജോർജിനോട് വിശദീകരണം തേടുമെന്ന് ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് അറിയിച്ചു.