പാലാ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ എൻസിപി സ്ഥാനാർഥി ആകും. എൻസിപിയുടെ പാലാ നിയോജക മണ്ഡലം നേതൃയോഗത്തിലാണ് തീരുമാനം. എൻസിപി ദേശീയ സമിതി അംഗം സുൽഫിക്കർ മയൂരി ആണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. ഇടത് മുന്നണിയുമായി ചർച്ച ചെയ്യാതെയാണ് എൻസിപിയുടെ സ്ഥാനാർഥി പ്രഖ്യാപനം. 2006 മുതൽ പാലാ മണ്ഡലത്തിൽ കെ എം മാണിയുടെ എതിർ സ്ഥാനാർഥിയായി മാണി സി കാപ്പൻ മത്സരരംഗത്തുണ്ട്. കെ എം മാണിയുടെ നിര്യാണത്തോടെ പാലായില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എൻസിപിയുടെ സ്ഥാനാർഥി പ്രഖ്യാപനം.
മാണി സി കാപ്പന്‍റെ സ്ഥാനാർഥിത്വത്തിൽ പാർട്ടിയിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് നേതാക്കൾ അറിയിച്ചു. പാലാ സ്വദേശിയായ മാണി സി കാപ്പൻ എൻസിപി സംസ്‌ഥാന ട്രഷററാണ്. ചലച്ചിത്രനിർമ്മാതാവും സംവിധായകനും അഭിനേതാവുമാണ് മാണി സി. കാപ്പൻ മുൻ രാജ്യാന്തര വോളിബോൾ താരം കൂടിയാണ്. എന്നാല്‍ മാണി സി കാപ്പനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതില്‍ എല്‍ഡിഎഫ് നേതാക്കൾ അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല.