കോട്ടയം: പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടറെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്‌തു. വെച്ചൂർ പനമഠം കോളനി ഭാഗത്ത് നികർത്തിൽ വീട്ടിൽ ഉദയൻ എന്ന് വിളിക്കുന്ന പുരുഷോത്തമൻ (50) എന്നയാളെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാൾ കഴിഞ്ഞ ദിവസം വെച്ചൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് എത്തിയ സമയം പുതിയ ഒപി ചീട്ട് എടുക്കാൻ ഡോക്‌ടർ നിർദേശിച്ചതിനെ തുടർന്ന് ഡോക്‌ടറെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു.
പൂച്ച മാന്തിയതിനെ തുടർന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തി തുടർചികിത്സ നടത്തി വരികയായിരുന്നു പുരുഷോത്തമന്‍. മെയ് 9 ന് എടുത്ത ചീട്ടുമായിട്ടാണ് ഇയാള്‍ ഇന്നലെ (07.06.2023) രാവിലെ ആശുപത്രിയില്‍ എത്തിയത്. മരുന്നു കുറിക്കാൻ ചീട്ടിൽ ഇടമില്ലാത്തതിനാൽ പുതിയ ചീട്ട് എടുക്കാൻ ഡോക്‌ടർ നിർദേശിച്ചു. തുടർന്ന് ഇതിന്‍റെ പേരിൽ വാക്ക് തർക്കം ഉണ്ടാവുകയും ഡോക്‌ടറെ കയ്യേറ്റം ചെയ്യുകയുമായിരുന്നു.
പരാതിയെ തുടർന്ന് വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. അറസ്റ്റ് ചെയ്തെങ്കിലും പുരുഷോത്തമന് തുടർ ചികിത്സ നൽകാൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വൈക്കം സ്റ്റേഷൻ എസ്ഐ അജ്‌മൽ ഹുസൈൻ, സുനിൽകുമാർ, സിപിഒമാരായ ഷിബു, കിഷോർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
സംസ്ഥാനത്ത് ഡോക്‌ടര്‍മാര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തെ തന്നെ നടുക്കിയ സംഭവമായിരുന്നു ചികിത്സയ്‌ക്കെത്തിയ ആളുടെ ആക്രമണത്തില്‍ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. പൊലീസ് കസ്റ്റഡിയിലെടുത്ത കൊല്ലം നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനായ ശ്രീനിലയം കുടവട്ടൂര്‍ സന്ദീപ് (42) എന്നയാളാണ് ചികിത്സക്കായി എത്തിച്ചപ്പോള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍ ആയിരുന്ന വന്ദന ദാസിനെ സര്‍ജിക്കല്‍ ഉപകരണം കൊണ്ട് ആക്രമിച്ചത്. മുഖത്തും കഴുത്തിലും ഉള്‍പ്പടെ മാരകമായി മുറിവേറ്റ വന്ദനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.
ഇക്കഴിഞ്ഞ മെയില്‍ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്‌ടറെ അധിക്ഷേപിച്ച കേസിൽ 19 കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. തിരുവനന്തപുരം പൂജപ്പുര സ്വദേശി ശബരിയാണ് അറസ്റ്റിലായത്. മെയ് 15 ന് രാത്രി 11 മണിയോടു കൂടിയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തിയ ശബരി കാഷ്വാലിറ്റിയില ഡ്യൂട്ടി ഡോക്‌ടറെ അസഭ്യം പറഞ്ഞ് അധിക്ഷേപിച്ചുവെന്നായിരുന്നു പരാതി.