കോട്ടയം: കിടങ്ങൂര്‍ സൗത്തില്‍ ജനവാസ കേന്ദ്രത്തിന് സമീപം കൂടുകെട്ടിയ മലകൊളവി ജനജീവിതത്തിന് ഭീഷണിയാവുന്നു. മാന്താടി കവലയ്ക്ക് സമീപം സഹകരണബാങ്കിന് എതിര്‍വശം റോഡില്‍ നിന്നും 50 മീറ്റര്‍മാത്രം മാറിയാണ് വലിയ കൂട് രൂപപ്പെട്ടിരിക്കുന്നത്. ഇവയെ നീക്കാന്‍ ചെയ്യാന്‍ അടിയന്തിര നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കുത്തേറ്റാല്‍ പോലും മരണകാരണമായേക്കാവുന്ന ഇനം കൊളവിയാണ് ഇവിടെ കൂടുകെട്ടിയിരിക്കുന്നത്. സമീപത്തെ മരത്തിന്‍റെ ഉയര്‍ന്ന ശിഖരത്തിലായിരുന്ന കൂട് സമീപകാലത്താണ് പുളിമരത്തിലെ താഴ്ന്ന ശിഖരത്തിലേയ്ക്ക് മാറിയത്. രണ്ടാള്‍ പൊക്കം മാത്രം ഉയരത്തിലാണ് അപകടകരമായ നിലയില്‍ കൊളവിക്കൂട് സ്ഥിതിചെയ്യുന്നത്.
കൊളവി കൂട് നീക്കം ചെയ്യുന്നതിനായി പ്രദേശവാസികള്‍ ഫയര്‍ഫോഴ്‌സിനെ സമീപിച്ചെങ്കിലും ഇവയെ വന്യജീവിയായി പരിഗണിക്കുന്നതിനാല്‍ ഇടപെടാനാകില്ലെന്നാണ് മറുപടി ലഭിച്ചത്. ഇവയെ നശിപ്പിക്കാതെ തന്നെ നീക്കം ചെയ്യുന്നവരെ ബന്ധപ്പെട്ടെങ്കിലും 5000-ത്തോളംരൂപ ചെലവ് വരുമെന്നതിനാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. പഞ്ചായത്തില്‍ നിന്നും അനുകൂല പ്രതികരണം ലഭിച്ചില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഇരുപതോളം വീടുകളാണ് ഇതിന് സമീപത്തായുള്ളത്. രാത്രികാലങ്ങളില്‍ വെളിച്ചം കണ്ടും പകല്‍സമയത്തും കൊളവികള്‍ വീടുകളിലേയ്ക്കും എത്താറുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഒന്നിലധികം കുത്തേറ്റാല്‍ മരണം വരെ സംഭവിക്കാവുന്ന ഇനം ഈച്ചകളുടെ സാമീപ്യം മൂലം ഭീതിയില്‍ കഴിയുകയാണ് ഈ കുടുംബങ്ങള്‍.