കോട്ടയം: അപകടാവസ്ഥയിലുള്ള തിരുനക്കര ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സ് പൊളിച്ച് നീക്കുന്നതിന്‍റെ ഭാഗമായി കെട്ടിടത്തിലെ വ്യാപാരികളെ നാളെ (ഓഗസ്റ്റ് 10) ഒഴിപ്പിക്കുമെന്ന് കോട്ടയം നഗരസഭ. കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് എടുത്ത നടപടികള്‍ നഗരസഭ നാളെ കോടതിയെ അറിയിക്കണം. അതേ സമയം കെട്ടിടം ഒഴിയില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍.
ഇതിനെതിരെ വ്യാപാരികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കും വരെ സമയം നീട്ടി നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇത് സംബന്ധിച്ച് വ്യാപാരികള്‍ നഗരസഭയിലും കത്ത് സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ വ്യാപാരികളുമായി നഗരസഭ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെടുകയും ചെയ്തു.
ഒഴിയില്ലെന്ന് വ്യാപാരികൾ: ഡി.പി.ആര്‍ തയ്യാറാക്കി ഘട്ടം ഘട്ടമായി കെട്ടിടം പൊളിച്ചു പണിയുമെന്നും പൊളിച്ചു മാറ്റാത്ത സ്ഥലങ്ങളിലേക്ക് വ്യാപാരികളെ പുനരധിവസിപ്പിക്കുമെന്നുമുള്ള നഗരസഭ കൗണ്‍സിലിലെ തീരുമാന പ്രകാരമല്ല നടപടികളെന്നുമാണ് വ്യാപാരികളുടെ പരാതി. വ്യാപാരികളില്‍ ചിലര്‍ ഓഗസ്റ്റ് മാസത്തിലെ വാടക തുക മുഴുവന്‍ നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ഈ മാസത്തെ വാടക തുക വ്യാപാരികളോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് നഗരസഭ അധികൃതരുടെ വിശദീകരണം.
വ്യാപാരികളുമായി തങ്ങള്‍ക്ക് ശത്രുതയെന്നുമില്ലെന്നും 2018ലെ കൗണ്‍സില്‍ തീരുമാനപ്രകാരമുള്ള നടപടികളുമായാണ് മുന്നോട്ട് പോകുന്നതെന്നുമാണ് നഗരസഭ അധികൃതരുടെ വിശദീകരണം. കോടതി ഉത്തരവ് വന്നതുകൊണ്ടാണ് ഇപ്പോള്‍ നടപടിയെടുക്കുന്നത്. വ്യാപാരികള്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയാല്‍ മാത്രമെ നഗരസഭക്ക് നടപടിയില്‍ നിന്ന് പിന്മാറാന്‍ കഴിയൂവെന്നും നഗരസഭ അധികൃതര്‍ പറഞ്ഞു.