കോട്ടയം: ജില്ലയിലെ മലയോര മേഖലയിലെ മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവന്‍റെ അധ്യക്ഷതയിൽ മുണ്ടക്കയം പഞ്ചായത്ത് ഹാളിൽ യോഗം തുടങ്ങി. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി, ജില്ല കലക്‌ടർ ഡോ. പി.കെ. ജയശ്രീ, ജില്ല പൊലീസ് മേധാവി കെ. കാർത്തിക് , ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുന്നു.
കോട്ടയം ജില്ലയിൽ എല്ലാ താലൂക്കുകളിലും ചാറ്റൽ മഴ ഉണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ 125.77 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി, വൈക്കം താലൂക്കുകളിലായി രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. മീനച്ചിൽ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലായി ജില്ലയിൽ 50 വീടുകൾക്കാണ് ഭാഗികമായ നാശനഷ്‌ടം ഉണ്ടായിരിക്കുന്നത്. ജില്ലയിലെ ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 101 കുടുംബങ്ങളാണ് ക്യാമ്പില്‍ ഉള്ളത്. അതില്‍ 116 പുരുഷൻമാരും 119 സ്‌ത്രീകളും 62 കുട്ടികളുമടക്കം ആകെ 294 അംഗങ്ങളാണ് ഉള്ളത്.