കോട്ടയം: കുമരകം ബോട്ട് ദുരന്ത സ്‌മാരകത്തോട് അവഗണനയെന്ന് പരാതി. 50 ലക്ഷം രൂപ മുടക്കി നിർമിച്ച സ്‌മാരക മന്ദിരം സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമായെന്നാണ് നാട്ടുകാരുടെ ആരോപണം. സംസ്ഥാന ജല വകുപ്പാണ് കെട്ടിടം നിർമിച്ചതെങ്കിലും മന്ദിരത്തിന്‍റെ സംരക്ഷണ ചുമതല കുമരകം പഞ്ചായത്തിന് ആയിരുന്നു. എന്നാലിത് ഏറ്റെടുക്കാന്‍ പഞ്ചായത്ത് തയാറായില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
2002 ജൂലൈ 27-ന് പുലർച്ചെയാണ് 29 പേരുടെ ജീവൻ നഷ്‌ടമായ അപകടം നടന്നത്. ദുരന്തത്തിൽ മരിച്ചവരുടെ ഓർമയ്‌ക്കായി നിർമിച്ച മന്ദിരത്തിൽ വിശ്രമ കേന്ദ്രവും ശുചിമുറികളുമടക്കം എല്ലാ സൗകര്യവും ഒരുക്കിയിരുന്നു. വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികൾക്ക് ചുരുങ്ങിയ ചെലവിൽ താമസ സൗകര്യമൊരുക്കുക എന്നതായിരുന്നു സ്‌മാരകത്തിന്‍റെ ലക്ഷ്യം. മുമ്പ് ജലവകുപ്പിന്‍റെയും, ജില്ല ടൂറിസം വകുപ്പിന്‍റെയും ഓഫിസുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. ഈ സമയത്ത് സുരക്ഷ ജീവനക്കാര്‍ ഉണ്ടായിരുന്നെങ്കിലും ഓഫിസുകള്‍ മാറ്റിയതോടെ സുരക്ഷയും ഇല്ലാതായി.
മന്ദിരത്തിന് മുകളിലെ നിലയിൽ വിശാലമായ ഡോർമറ്ററി സംവിധാനങ്ങളാണുള്ളത്. ഫർണിച്ചറുകൾ അടക്കം ഇവിടെ സജ്ജീകരിച്ചിരുന്നു. നിലവില്‍ ഒരാൾക്ക് പോലും ഇവിടെ വിശ്രമിക്കാനാകില്ല എന്നതാണ് യാഥാർഥ്യം. ശുചി മുറികളും സാമൂഹ്യ വിരുദ്ധർ തകർത്തു. പകൽ സമയങ്ങളിൽ പോലും ഇവരുടെ തേർവാഴ്‌ചയാണ്.
കുമരകം ഗ്രാമപഞ്ചായത്ത് പരിധിയിലാണ് സ്‌മാരക മന്ദിരം സ്ഥിതി ചെയ്യുന്നത്. അതേസമയം മന്ദിരത്തിൽ യാതൊരു വികസനവും നടത്താൻ പഞ്ചായത്ത് അധികൃതർ തയ്യാറായിട്ടില്ല. മന്ദിരത്തിന്‍റെ ശോച്യാവസ്ഥയെ കുറിച്ചും പഞ്ചായത്തിന്‍റെ അനാസ്ഥയെ കുറിച്ചും വാർത്ത വരുമ്പോൾ നവീകരണത്തിനായി നടപടിയെടുക്കുമെന്ന പതിവ് പല്ലവി ആവര്‍ത്തിക്കുകയാണ് അധികൃതര്‍.
വർഷാവർഷം ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ ഛായാചിത്രത്തിൽ പുഷ്‌പാർച്ചന നടത്തുന്നതിൽ ഒതുങ്ങുകയാണ് സ്‌മാരക മന്ദിരത്തിലെ വികസനം. അതേസമയം പുതിയ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മന്ദിരത്തിന്‍റെ നവീകരണം പൂർത്തിയാക്കുമെന്നാണ് പഞ്ചായത്ത് അധികൃതരുടെ ഏറ്റവും ഒടുവിലത്തെ വിശദീകരണം.