കോട്ടയം: ജില്ല പഞ്ചായത്ത് ഭരണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കാന്‍ യുഡിഎഫ് മനപൂര്‍വ്വം ശ്രമം നടത്തുകയാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി. പഞ്ചായത്തിലെ ഓഡിറ്റുമായി ബന്ധപ്പെട്ട് ഭരണ സമിതിക്കെതിരെയുണ്ടായ വിവാദവും ഇത്തരം ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രസിഡന്‍റ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ആരോപണത്തിന് അടിസ്ഥാനം: 2020-21 വര്‍ഷത്തില്‍ മതിയായ രേഖകളില്ലാതെ ജില്ല പഞ്ചായത്ത് 13 കോടി രൂപ ചെലവഴിച്ചതായി സംസ്ഥാന ഓഡിറ്റ് വിഭാഗം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതിനെതിരെ യുഡിഎഫ് രംഗത്തെത്തിയിരുന്നു. 13 കോടി രൂപ ജില്ല പഞ്ചായത്ത് ചെലവഴിച്ചത് ക്രമപ്രകാരമല്ലെന്നും രേഖകള്‍ ഒന്നുമില്ലാതെയാണ് തുക ചെലവഴിച്ചിരിക്കുന്നതെന്നുമാണ് യുഡിഎഫ് ആരോപണം.
അഴിമതിക്ക് നേതൃത്വം കൊടുത്ത ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ള ഭരണ സമിതിയേയും അഴിമതിക്ക് ഒത്താശ ചെയ്‌ത് കൊടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രസ്‌താവന ഇറക്കിയിരുന്നു.
ഭരണസമിതി ന്യായീകരണം: ഇതെല്ലാം യുഡിഎഫ് ഭരണകാലത്തുണ്ടായ തട്ടിപ്പുകളാണെന്നും ഇപ്പോഴത്തെ ഭരണ സമിതിക്ക് ഇതില്‍ പങ്കില്ലെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. ഇപ്പോഴത്തെ കാലയളവിലെ ഓഡിറ്റ് റിപ്പോർട്ട് ഇതുവരെ ലഭ്യമായിട്ടില്ലെന്നും പ്രസിഡന്‍റ് വ്യക്തമാക്കി. വിഷയത്തില്‍ കൃത്യമായി അന്വേഷണം നടത്തിയതിന് ശേഷം നടപടികള്‍ സ്വീകരിക്കുമെന്നും പ്രസിഡന്‍റ് പറഞ്ഞു.