കോട്ടയം: ജില്ലയിൽ പുതുതായി 39 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 35 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ചങ്ങനാശ്ശേരി മാർക്കറ്റ് കേന്ദ്രീകരിച്ചാണ് ഏറ്റവും കൂടുതൽ സമ്പർക്ക രോഗികൾ ഉള്ളത്. 16 പേർക്കാണ് ചങ്ങനാശ്ശേരി മേഖലയിൽ മാത്രം സമ്പർക്കത്തിലൂടെ വൈറസ് ബാധയുണ്ടായത്. ആന്‍റിജൻ പരിശോധനയിലാണ് 16 പേരിലും രോഗം സ്ഥിരീകരിച്ചത്. പോസിറ്റീവ് കേസുകളില്‍ അധികവും മത്സ്യ മാർക്കറ്റ് കേന്ദ്രീകരിച്ചാണ്. കൂടാതെ ജുലൈ 19ന് ചിങ്ങവനത്ത് രോഗം സ്ഥിരീകരിച്ചയാളുമായി സമ്പർക്കം പുലർത്തിയ ആറ് പേർക്കും പാറത്തോട് മേഖലയിൽ നാല് പേർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
പാറത്തോട്, രോഗം സ്ഥിരീകരിച്ച നാല് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്ന് പോസിറ്റീവ് കേസുകളും കോട്ടയം ജില്ലയുടെ പട്ടികയിൽ ഉൾപ്പെടുന്നു. വൈക്കം കോലോത്തുംകടവ് മത്സ്യ മാർക്കറ്റിലെ രണ്ട് വ്യാപാരികൾക്കും കളമശേരിയിലെ ഓട്ടോമൊബൈൽ വർക്ക ഷോപ്പ് ജീവനക്കാരനുമാണ് സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രോഗബാധിതർ. വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്ന് പേർക്കും ജില്ലയിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.
നിലവിൽ കോട്ടയം ജില്ലയിൽ 293 പേരാണ് വൈറസ് ബാധിതരായി ചികത്സയിലുള്ളത്. ഇതിൽ 179 പേർക്ക് സമ്പർക്കത്തിലൂടെ വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 13 പേർ ആരോഗ്യ പ്രവർത്തകരാണ്. അതേസമയം ജില്ലയിൽ 10 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.