കോട്ടയം : പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പ്രതിയായ മണർകാട് സ്വദേശി ഷിനോ മാത്യു മരണപ്പെട്ടു. കേസിലെ പരാതിക്കാരിയായ ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിലും പ്രതിയായിരുന്നു ഷിനോ. കഴിഞ്ഞ മെയ് 19നാണ് ഷിനോ മാത്യു ഭാര്യയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്.
ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ മാരക വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ ഷിനോ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്ന് (29.05.23) പുലർച്ചെ നാലുമണിയോടെ മരിച്ചത്. ഇയാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം ചോദ്യം ചെയ്യാനിരിക്കുകയായിരുന്നു അന്വേഷണ സംഘം.
കൊലപാതകം; കറുകച്ചാല്‍ പങ്കാളി കൈമാറ്റ കേസുമായി ബന്ധപ്പെട്ട പല നിര്‍ണായക വിവരങ്ങളും വെളിപ്പെടുത്തിയ ശേഷം ഭര്‍ത്താവുമായി അകന്ന് സ്വന്തം വീട്ടില്‍ മാതാപിതാക്കളോടൊപ്പം കഴിയുകയായിരുന്നു യുവതി. മെയ് 19ന് രാവിലെ യുവതിയുടെ പിതാവും സഹോദരനും ജോലിക്കും മക്കള്‍ കളിക്കാനായി അയൽവീട്ടിലും പോയ സമയത്താണ് പ്രതി കൊലപാതകം നടത്തിയത്.
ആളില്ലാത്ത സമയത്ത് വീട്ടിലെത്തിയ ഇയാളെ കണ്ട് ഭയപ്പെട്ട യുവതി വീട്ടിലെ ശുചിമുറിയില്‍ കയറി വാതിലടച്ചെങ്കിലും വാതില്‍ ചവിട്ടി തുറന്ന് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. വാതില്‍ ചവിട്ടി തുറന്നതോടെ യുവതി പുറത്തേക്ക് ഓടുകയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീടിന്‍റെ സിറ്റൗട്ടില്‍ വച്ച് വെട്ടി വീഴ്‌ത്തുകയായിരുന്നു. അയല്‍ വീട്ടിലായിരുന്ന മക്കള്‍ കളി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് രക്തം വാർന്നു കിടക്കുന്ന രീതിയിൽ അമ്മയെ കണ്ടത്.
ഉടൻ തന്നെ കുട്ടികൾ അയൽപക്കത്തെ വീട്ടിൽ വിവരമറിയിക്കുകയും ഇവർ വാർഡ് മെമ്പറെ വിളിച്ച് വരുത്തുകയുമായിരുന്നു. മെമ്പർ അറിയിച്ചതിനെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്‌തത്.
ALSO READ: പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരി വെട്ടേറ്റ് മരിച്ച നിലയിൽ; ഭർത്താവിനായി തെരച്ചിൽ
പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസ്; 2022 ജനുവരിയിലാണ് പങ്കാളിയെ കൈമാറ്റം ചെയ്‌ത കേസില്‍ യുവതിയുടെ വെളിപ്പെടുത്തൽ പുറത്തുവരികയും പ്രതികളുടെ പിടിയാലാകുകയും ചെയ്‌തത്. മറ്റൊരാൾക്കൊപ്പം പോകാൻ ഭർത്താവ് തന്നെ നിർബന്ധിച്ചെന്ന് കൊല്ലപ്പെട്ട യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. ഭർത്താവ് മറ്റു പലരുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്നും പ്രകൃതി വിരുദ്ധ പീഡനത്തിനുൾപ്പെടെ ഇരയാക്കിയെന്നുമായിരുന്നു യുവതിയുടെ പരാതി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സമൂഹിക മാധ്യമങ്ങൾ വഴി പങ്കാളികളെ കൈമാറ്റം ചെയ്യുന്ന വലിയ റാക്കറ്റിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
ALSO READ: പങ്കാളികളെ പരസ്‌പരം കൈമാറുന്ന വൻസംഘം പിടിയിൽ; ഗ്രൂപ്പില്‍ ഉന്നതരും
ഫേസ്‌ബുക്ക്, ടെലഗ്രാം, വാട്‌സാപ്പ് എന്നിവ വഴിയാണ് പങ്കാളി കൈമാറ്റക്കേസില്‍ ഉള്‍പ്പെട്ടവരുടെ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. 'കപ്പിൾ ഷെയറിങ്', 'കപ്പിൾ മീറ്റ് അപ്പ് കേരള' തുടങ്ങിയ പേരുകളിലാണ് ഈ ഗ്രൂപ്പുകള്‍ അറിയപ്പെട്ടിരുന്നത്. ആയിരക്കണക്കിന് ആളുകളാണ് ഇത്തരം ഗ്രൂപ്പുകളില്‍ അംഗങ്ങളായിട്ടുള്ളത്. ഫേസ്‌ബുക്ക് ഗ്രൂപ്പുകളില്‍ പലരും വ്യാജ അക്കൗണ്ടുകൾ വഴിയാണ് ആശയവിനിമയം നടത്തിയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
പരാതിക്കാരിയായ യുവതി എട്ട് പേരുടെ ക്രൂര പീഡനങ്ങൾക്ക് ഇരയായതായും വിസമ്മതിച്ചപ്പോള്‍ ഭര്‍ത്താവ് കുഞ്ഞുങ്ങളെയും ഭീഷണിപ്പെടുത്തിയതായും യുവതിയുടെ സഹോദരൻ വെളിപ്പെടുത്തിയിരുന്നു. രണ്ട് വർഷത്തോളം ഇയാൾ യുവതിയെ പീഡനത്തിന് ഇരയാക്കിയെന്നും സംഘത്തിന്‍റെ ഭാഗമാകാൻ വിസമ്മതിച്ചപ്പോൾ മർദിച്ചുവെന്നും ഇയാൾ പറഞ്ഞിരുന്നു.