കോട്ടയം: മെഡിക്കൽ കോളജിൽ നിന്ന് നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തിൽ റിമാൻഡിലായ നീതു രാജിനെ വെള്ളിയാഴ്‌ച ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർ അറിയിച്ചു. നീതു ഇപ്പോൾ കോട്ടയം വനിതാ സബ് ജയിലിലാണ്.
വണ്ടിപ്പെരിയാർ സ്വദേശികളായ ശ്രീജിത്ത് - അശ്വതി ദമ്പതികളുടെ രണ്ടു ദിവസം പ്രായമായ കുഞ്ഞിനെയാണ് കഴിഞ്ഞ വ്യാഴാഴ്‌ച നീതു തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. നഴ്‌സിന്‍റെ വേഷത്തിലെത്തിയായിരുന്നു കുഞ്ഞിനെ കടത്തിയത്. പൊലീസിന്‍റെയും നാട്ടുകാരുടെയും ഇടപെടൽ മൂലം മണിക്കൂറുകൾക്കകം കുഞ്ഞിനെ വീണ്ടെടുക്കാനായി.
കാമുകനായ ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം നിലനിർത്താനാണ് കുട്ടിയെ തട്ടിയെടുത്തതെന്നായിരുന്നു നീതുവിന്‍റെ മൊഴി. ഇബ്രാഹിം ബാദുഷയും ഇപ്പോൾ റിമാൻഡിലാണ്. നീതുവിനെ മെഡിക്കൽ കോളജിലും, നേഴ്‌സിങ് ഗൗൺ വാങ്ങിയ കടയിലും, തട്ടിക്കൊണ്ടുപോകൽ പദ്ധതി ആസൂത്രണം ചെയ്ത ഹോട്ടലിലും എത്തിച്ച് തെളിവെടുത്തേക്കും.